പയ്യന്നൂര്‍: വിവാഹം ഉറപ്പിച്ച ശേഷം വധുവിന്റെ വീട്ടുകാരില്‍ നിന്നും പണം വാങ്ങി മുങ്ങിയ വിവാഹ തട്ടിപ്പുകാരനേയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കോറോം സ്വദേശികളായ യൂനസ്, അമ്മാവന്‍ സുബൈര്‍ എന്ന് പരിചയപ്പെടുത്തി ആള്‍മാറാട്ടം നടത്തിയ കൃഷ്ണന്‍, യൂനസിന്റെ കൂടെ ജോലി ചെയ്യുന്നയാളും സുഹൃത്തുമാണെന്ന് പറഞ്ഞ് തട്ടിപ്പിന് കൂട്ടുനിന്ന ലക്ഷ്മണന്‍ എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ. ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ ചെറിയൂരിലെ യുവതിയെയും ബന്ധുക്കളെയുമാണ് ഇവര്‍ കബളിപ്പിച്ചത്. യുവതിയെ കാണാന്‍ മൂന്നുപേരും എത്തുകയും കാര്യങ്ങള്‍ സംസാരിച്ച് വിവാഹം നിശ്ചയിക്കുകയുമായിരുന്നു. സെപ്തബര്‍ 12ന് പയ്യന്നുരിലെ ഒരു ലോഡ്ജില്‍ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചത്. വിവാഹത്തിന് മുന്‍പ് സ്ത്രീധനമായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ യൂനസ് കൈപ്പറ്റുകയും ചെയ്തു. യുവതിയുടെ വീട്ടുകാര്‍ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയും വിവാഹ ദിവസം രണ്ടായിരത്തോളം പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹ ദിവസം വരനും സംഘവും എത്തിയില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യൂനസ് തലേ ദിവസം തന്നെ നാട്ടില്‍ നിന്ന് മുങ്ങിയതായി മനസ്സിലായി.
തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ യൂനസ് നിരവധി യുവതികളുടെ ബന്ധുക്കളില്‍ നിന്ന് വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചതായി മനസ്സിലായി. തുടര്‍ന്ന് ഇയാളെയും മറ്റ് രണ്ട് പേരെയും പിടികൂടുകയായിരുന്നു.