കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സുധീഷ് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ മുഖാന്തിരം നല്‍കിയ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. പ്രതിക്ക് വേണ്ടി ആളൂര്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കോടതിയില്‍ ഹാജരായത്. സുധീഷിന് ജാമ്യം ലഭിക്കുന്നതിനായി ആളൂര്‍ ശക്തിയുക്തം വാദിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വാദിച്ചു.
തന്റെ കക്ഷി കേസിലെ മറ്റ് പ്രതികളുമായി ചേര്‍ന്ന് കുറ്റകൃത്യം നടത്തിയിട്ടില്ലെന്നും സംഭവ സമയത്ത് വേറൊരു സ്ഥലത്താണ് ഉണ്ടായിരുന്നതെന്നും ആയുധങ്ങളും മറ്റും കൈവശം വെച്ചിട്ടില്ലെന്നുമാണ് അഡ്വ. ആളൂര്‍ കോടതിയില്‍ വാദമുഖം നിരത്തിയത്. ഇരട്ടക്കൊലപാതകം നടന്ന് ആഴ്ചകള്‍ പിന്നിട്ട ശേഷം 2019 മാര്‍ച്ച് 16നാണ് സുധീഷ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. പിന്നീട് മറ്റ് പ്രതികള്‍ക്കൊപ്പം സുധീഷിനെയും അന്വേഷണസംഘം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ചെറിയൊരു കാലയളവിലെ അന്വേഷണം മാത്രമാണ് തന്റെ കക്ഷിക്കെതിരെ നടത്തിയതെന്നും കേസിലെ മറ്റ് പ്രതികള്‍ പറഞ്ഞ് കൊടുത്ത മൊഴിയല്ലാതെ നേരിട്ട് പങ്കെടുത്തതിന് യാതൊരു തെളിവും ഇല്ലെന്നും ആളൂര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ആളൂരിന്റെ ഈ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി. വി ജയരാജ് കോടതിയില്‍ വാദിച്ചു.