ബദിയടുക്ക: തകര്‍ന്ന് തരിപ്പണമായി പാതാള കുഴി രൂപപ്പെട്ട റോഡില്‍ ഡ്രൈവറുടെ ഒറ്റയാള്‍ കുഴിയടക്കല്‍ പ്രതിഷേധം. പിന്നാലെ പിന്തുണയുമായി എക്‌സൈസ് അധികൃതരുമെത്തി. ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ റോഡിലെ നെട്ടണിഗെ ബൈര്‍ത്തിയടുക്ക അംഗന്‍വാടിക്ക് സമീപത്തെ റോഡില്‍ രൂപപ്പെട്ട പാതാള കുഴിയില്‍ വീണ് ഇരുചക്ര വാഹനം ഉള്‍പെടെയുള്ള നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യ സംഭവമായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ റഫീഖ് കൊച്ചി തന്റെ വാഹനത്തില്‍ ചെങ്കല്ല് കൊണ്ട് വന്ന് പ്രതിഷേധാത്മകമായി ഒറ്റയ്ക്ക് തന്നെ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ബദിയടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം അത് വഴിയെത്തിയത്. ഒറ്റയാള്‍ നടത്തുന്ന പോരാട്ടം കണ്ട് എക്‌സൈസ് സംഘം റഫീഖിനൊപ്പം കുഴിയടക്കല്‍ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയും അപകടം വരുത്തുന്ന രീതിയിലുള്ള കുഴികള്‍ അടയ്ക്കുകയും ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.ടി. പ്രതീപ്, ശ്രീകാന്ത്, സി. കെ.വി സുരേഷ് എന്നിവരുമുണ്ടായിരുന്നു.