ബദിയടുക്ക: പാതയോരത്തെ ഇരുവശവും കൈയ്യടക്കി കച്ചവടം നടത്തുന്നതും വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്നത് മൂലവും മറ്റു വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാവുന്നു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിന് സമീപത്തായി ശനിയാഴ്ചകളില്‍ നടന്നു വരാറുള്ള ആഴ്ച ചന്തയാണ് ദുരിതമായി മാറുന്നത്.
2003ല്‍ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പഞ്ചായത്ത് പരിധിയിലെ കര്‍ഷകരെ പ്രോത്സഹിപ്പിച്ച് ഉത്പ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറി വില്‍പ്പന നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഴ്ച ചന്ത ആരംഭിച്ചത്. തുടക്കത്തില്‍ കര്‍ഷകര്‍ ജൈവ പച്ചക്കറി ചന്തയില്‍ വില്‍പ്പന നടത്തിയിരുന്നു.
പിന്നിട് കര്‍ണ്ണാടകയില്‍ നിന്നും മറ്റും പച്ചക്കറികളും പല വ്യഞ്ജന സാധനങ്ങളും വരുവാന്‍ തുടങ്ങി. മത്സര അടിസ്ഥാനത്തില്‍ കച്ചവടം തുടങ്ങിയതോടെ കര്‍ഷകര്‍ വരാന്‍ തയ്യാറായില്ല.
കര്‍ണ്ണാടകയില്‍ വ്യാപകമായി സാധനങ്ങള്‍ വരുവാന്‍ തുടങ്ങിയതോടെ സ്ഥല പരിമിതി കണക്കിലെടുത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള സ്ഥലത്തേക്ക് മാറ്റുകയും പാതയോരത്തെ ഒരു വശത്തായി കച്ചപടം നടത്തുന്നതിനും അതിന്റെ നടത്തിപ്പിനായി ഒരാള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു. കര്‍ണ്ണാടകയില്‍ നിന്നും തമിഴ് നാട്ടില്‍ നിന്നുമൊക്കെ കച്ചവടക്കാര്‍ എത്താന്‍ തുടങ്ങിയതോടെ പാതയോരത്തെ ഇരു വശത്തും ചട്ടങ്ങള്‍ മറി കടന്ന് കരാറുകാരന്‍ സ്ഥലം നല്‍കുവാന്‍ തുടങ്ങി. ഇതോടെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത് പതിവായിരിക്കയാണ്.