മേല്‍പ്പറമ്പ്: ഗ്രീന്‍ കാസര്‍കോട് പദ്ധതിക്ക് തുറക്കം കുറിച്ച് ഹരിത വല്‍ക്കരണത്തിന് ഇറങ്ങിയ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ 1975 മേറ്റ്‌സ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് കെ.എസ്.ടി.പി. റോഡിന് ഇരുവശവും 700ലധികം തൈകള്‍ നട്ടുപിടിപ്പിച്ച് മാതൃകയുടെ പുതു ചരിത്രമെഴുതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും പൊതു ഇടങ്ങളിലും തൈകള്‍ നട്ടുപിടിപ്പിച്ച് ഗ്രീന്‍ കാസര്‍കോടിന് തുടക്കം കുറിച്ച 75 മേറ്റ്‌സ് പുതിയ ബസ്സ്റ്റാന്റിലെ റൗണ്ട് എബൗട്ടില്‍ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ എത്തിയതായിരുന്നു. റൗണ്ട് എബൗട്ടിന് പകരം കാസര്‍കോട് കെ.എസ്.ടി.പി. റോഡിന് ഇരുവശവും രക്തമന്ദാരം നട്ടുപിടിപ്പിച്ചാല്‍ തണല്‍ പകരുന്നതിനൊപ്പം റോഡിനിരുവശവും സൗന്ദര്യവും പൂത്തുനില്‍ക്കുമെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. ഇത് ശിരസാവഹിച്ച 75മേറ്റ്‌സ് പ്രവര്‍ത്തകര്‍ മണ്ണുത്തിയില്‍ നിന്ന് രക്തമന്ദാരം എത്തിച്ച് കെ.എസ്.ടി.പി. റോഡിന് ഇരുവശവും പത്ത് കിലോമീറ്റര്‍ നീളത്തില്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. ആവശ്യത്തിന് രക്തമന്ദാരം ലഭ്യമല്ലാത്തതിനാല്‍ കൂടെ മണിമരുത് എന്ന തൈകളും നട്ടു. മുഴുവന്‍ തൈകള്‍ക്കും ചുറ്റും നെറ്റ് കൊണ്ട് സുരക്ഷിത വലയവും സ്ഥാപിച്ചു.
ഇതിനകം 700ലധികം തൈകളാണ് കെ.എസ്.ടി.പി. റോഡിന് ഇരുവശവും നട്ടുപിടിപ്പിച്ചത്. പദ്ധതിയുടെ സമാപനവും രണ്ടാം പദ്ധതിയുടെ ഉദ്ഘാടനവും തമ്പ് മേല്‍പ്പറമ്പിന്റെ സഹകരണത്തോടെ മേല്‍പ്പറമ്പില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി നിര്‍വ്വഹിച്ചു. 75 മേറ്റ്‌സ് ജനറല്‍ കണ്‍വീനര്‍ ടി.എ. ഖാലിദ് അധ്യക്ഷത വഹിച്ചു. എം.എ. ലത്തീഫ്, യൂസഫ് മേല്‍പ്പറമ്പ്, ബാബു വള്ളിയോട് എന്നിവര്‍ സംസാരിച്ചു. പി.എം. കബീര്‍ സ്വാഗതം പറഞ്ഞു.