ചെറുപുഴ:ചെറുപുഴ പഞ്ചായത്തിലെ കോറാളിമലയില്‍ ഒന്നര മാസം മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടെന്നു നാട്ടുകാരുടെ സംശയം. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നു കോറാളി ക്വാറിക്ക് സമീപം പൊലീസിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടത്താന്‍ സാധിച്ചില്ല.
കഴിഞ്ഞ മാസം 9നാണ് കോറാളി ക്വാറിയോട് ചേര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായത്. ഈ ഉരുള്‍പൊട്ടലില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയിലായെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. തുടര്‍ന്ന് ഇക്കാര്യം ഉന്നയിച്ച് പ്രദേശത്തെ ക്വാറിവിരുദ്ധ സമിതി പൊലീസില്‍ പരാതിയും നല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് ഒന്നര മാസത്തിന് ശേഷം ചെറുപുഴ പൊലീസിന്റെയും തിരുമേനി വില്ലേജ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ചു തിരച്ചില്‍ നടത്തിയത്. കോറാളിമലയുടെ സമീപത്തെ ക്വാറിയില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ദുരന്തമുണ്ടായ ദിവസം വരെ നാട്ടുകാര്‍ കണ്ടിരുന്നുവെന്നാണു പറയുന്നത്.
ഈ വീട്ടില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 5 തൊഴിലാളികള്‍ താമസിച്ചിരുന്നത് പലരും കണ്ടിരുന്നു. ഇവര്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിനടിയിലായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണു കോറാളി ക്വാറിയില്‍ തിരച്ചില്‍ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.
എന്നാല്‍ ഉരുള്‍പൊട്ടുന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ തൊഴിലാളികള്‍ നാട്ടിലേക്കു പോയെന്നാണു ക്വാറിയുടമകള്‍ പറയുന്നത്. ഇവരുടെ വാദം സംശയത്തിനു ഇടയാക്കുന്നുവെന്നാണു പരിസരവാസികള്‍ പറയുന്നത്. ആഗസ്റ്റ് ഒമ്പതിനാണ് കോറാളി മലയില്‍ മണ്ണിടിച്ചല്‍ ഉണ്ടാകുന്നത്. ഇതു കാണാന്‍ പോയ പ്രദേശവാസികള്‍ ക്വാറിയില്‍ 5 തൊഴിലാളികളെ കണ്ടിരുന്നതായി പറയുന്നു. അന്ന് വൈകുന്നേരമാണു ക്വാറിയില്‍ കെട്ടിക്കിടന്ന വെള്ളം പൊട്ടിയൊഴുകുന്നത്. ഈ മണ്ണിടിച്ചലില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വീട് പൂര്‍ണമായും മണ്ണിനടിയിലായി. ആഗസ്റ്റ് 10 ആണ് വീട് മണ്ണിനടിയിലായ കാര്യം നാട്ടുകാര്‍ അറിയുന്നത്. ക്വാറിയിലെ വെള്ളം പുറത്തേക്കു ഒഴുകിയ വഴിയിലാണു വീട് ഉണ്ടായിരുന്നത്. ഇപ്പോള്‍ വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പയ്യന്നൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. രാജന്‍, തിരുമേനി വില്ലേജ് ഓഫീസര്‍ സന്തോഷ്, ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളത്ത്, പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസഫ് മുള്ളന്‍മട, ചെറുപുഴ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ തിരച്ചിലില്‍ കാര്യമായൊന്നും കണ്ടെത്താനായില്ല.