ബദിയടുക്ക: കെട്ടിട നിര്‍മാണ കരാറുകാരന്റെ പണവും രേഖകളും കവര്‍ന്ന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. ഉളിയത്തടുക്ക പെരിയടുക്ക ഭഗവതി നഗറിലെ മുഹമ്മദ് രിഫായി (21), പടളയിലെ സുധീഷ് (19) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മറ്റ് കവര്‍ച്ചകളുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. നിലവിലുള്ള ബദിയടുക്ക എസ്.ഐക്ക് സ്ഥലംമാറ്റം ലഭിച്ചതിനാല്‍ പുതിയ എസ്.ഐ ചുമതലയേറ്റെടുത്ത ശേഷമായിരിക്കും കോടതിയില്‍ അപേക്ഷ നല്‍കുക. കെട്ടിട നിര്‍മാണ കരാറുകാരനായ പാടലടുക്കയിലെ അബ്ദുല്‍ റസാഖിന്റെ (38) 8000 രൂപയും തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍കാര്‍ഡും ലൈസന്‍സും എ.ടി.എം കാര്‍ഡുകളും അടങ്ങുന്ന പേഴ്‌സും കവര്‍ച്ച ചെയ്ത കേസിലാണ് മുഹമ്മദ് രിഫായിയെയും സുധീഷിനെയും അറസ്റ്റ് ചെയ്തത്. മോഷണം നടത്തി തിരിച്ചുപോകുന്നതിനിടെ പ്രതികള്‍ എ.ടി.എം കാര്‍ഡുകള്‍ മാന്യക്കടുത്ത സംസം നഗറില്‍ നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള കുക്കം കുണ്ടിലെ തോട്ടില്‍ വലിച്ചെറിയുകയായിരുന്നു.ഡ്രൈവിംഗ് ലൈസന്‍സ് ഉളിയത്തടുക്ക റോഡരികിലും ഉപേക്ഷിച്ചു. ഇവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.