കാസര്‍കോട്: സി.സി.ടി.വി. ക്യാമറയും തെരുവ് വിളക്കുകളും നന്നാക്കാത്തതില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു. ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം വിവിധ പദ്ധതികള്‍ അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിഷേധമറിയിച്ചത്. നഗരത്തില്‍ സ്ഥാപിച്ച നാല് സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വൈസ് ചെയര്‍മാന്‍ എല്‍.എ മഹമുദ് ഹാജി അറിയിച്ചതോടെയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം അറിയിച്ചത്. ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണം സാങ്കേതിക തടസ്സമല്ലെന്നും കുടിശ്ശിക അടയ്ക്കാത്തതിനാല്‍ കമ്പനി ക്യാമറകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതിന്റെ ഉത്തരവാദിത്വം ഭരിക്കുന്നവര്‍ക്കാണെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. വിവിധ വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 2012-13, 14 വര്‍ഷങ്ങളില്‍ വരള്‍ച്ചാ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രവൃത്തിക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം ലാപ്‌സായതായും യോഗത്തില്‍ അറിയിച്ചു. നഗരസഭയിലെ വിവിധങ്ങളായ 21 വിഷയങ്ങളില്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.