കാസര്‍കോട്: ചൊവ്വാഴ്ച ഉച്ചക്ക് പാണക്കാട്ട്, മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നെത്തിയ ഏതാനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെ കുറിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ജില്ലാ നേതൃത്വത്തോട് റിപ്പോര്‍ട്ട് തേടി. പ്രതിഷേധത്തിന് പിന്നിലെ കാരണങ്ങള്‍ എന്താണ്, ആരുടെയെങ്കിലും പ്രേരണ ഉണ്ടായിട്ടുണ്ടോ, പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ജില്ലാ നേതൃത്വത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇന്നലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് തടിച്ചുകൂടിയ ചാനല്‍ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍നിന്നെത്തിയ ഏതാനും പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിരുന്നു. പ്രതിഷേധം നേരിയതായിരുന്നുവെങ്കിലും വലിയ പ്രചരണമാണ് ലഭിച്ചത്.
പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും അറിയുന്നു. പ്രവര്‍ത്തകരുടെ പേര് വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും നടപടി.