കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി അഡ്വ. സി.എച്ച് കുഞ്ഞമ്പുവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തും മത്സരിച്ചേക്കാനുള്ള സാധ്യതയേറി.
കുഞ്ഞമ്പു തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെയും താല്‍പര്യമെന്നറിയുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രാദേശികവാദം കുഞ്ഞമ്പുവിന് ഗുണകരമായി ഉപയോഗപ്പെടുത്താമെന്ന ചിന്ത പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്. മഞ്ചേശ്വരത്ത് ആദ്യ അങ്കത്തില്‍ തന്നെ മുസ്ലിം ലീഗിന്റെ പ്രമുഖനായ നേതാവ് ചെര്‍ക്കളം അബ്ദുല്ലയെ തോല്‍പ്പിച്ച പാരമ്പര്യവും കുഞ്ഞമ്പുവിനുണ്ട്. എന്നാല്‍ രണ്ടാം അങ്കത്തില്‍ അദ്ദേഹത്തിന് പരാജയം രുചിക്കേണ്ടി വന്നു. കുഞ്ഞമ്പുവിനെ ഇറക്കിയാല്‍ മുസ്ലിം വോട്ടില്‍ വിള്ളലുണ്ടാക്കാനും കുറേ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനും കഴിഞ്ഞേക്കുമെന്നും പാര്‍ട്ടി കരുതുന്നു.
അതേ സമയം കെ.ആര്‍ ജയാനന്ദയുടെ സാധ്യതയും പാര്‍ട്ടി തള്ളിക്കളയുന്നില്ല. ബി.ജെ.പി ആദ്യം രവീശതന്ത്രി കുണ്ടാറിനാണ് പ്രധാന പരിഗണന നല്‍കിയതെങ്കിലും അഡ്വ. ശ്രീകാന്തിന്റെ പേരാണ് ഇപ്പോള്‍ സജീവമായി കേള്‍ക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി.ക്ക് 89 വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട സീറ്റാണിത്. മണ്ഡലത്തില്‍ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രതിഷേധം മുതലെടുക്കാന്‍ രവീശതന്ത്രിയേക്കാള്‍ ശ്രീകാന്തിന് കഴിഞ്ഞേക്കുമെന്ന് നേതാക്കള്‍ കരുതുന്നു. എന്നാല്‍ തന്ത്രിക്ക് വേണ്ടിയും പ്രബലമായൊരു വിഭാഗം വാദിക്കുന്നുണ്ട്.