കാസര്‍കോട്: എതിര്‍പ്പുകളെ നിഷ്പ്രഭമാക്കി ഒടുവില്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.സി.ഖമറുദ്ദീനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ ഖമറുദ്ദീന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല മുസ്്‌ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനുമാണ്. ഖമറുദ്ദീന്‍ നാമനിര്‍ദ്ദേശപത്രിക ഉടന്‍ സമര്‍പ്പിക്കും. ബുധനാഴ്ച വൈകിട്ട് പാണക്കാട്ട് നടന്ന ലീഗ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയായി ഖമറുദ്ദീനെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയചര്‍ച്ചയുടെ തുടക്കം മുതല്‍ തന്നെ ഖമറുദ്ദീന്റെ പേരിന് തന്നെയായിരുന്നു മുന്‍തൂക്കം. ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷനില്‍ നിന്ന് മത്സരിച്ച് വിജയിച്ച ഖമറുദ്ദീന്‍ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് ജില്ലാപ്രസിഡണ്ടായും പാര്‍ട്ടിയിലെ സ്വാധീനം ശക്തമാക്കുകയായിരുന്നു. ജില്ലാ ട്രഷറര്‍ മാഹിന്‍ഹാജി കല്ലട്ര, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അവസാനം ഖമറുദ്ദീന് അനുകൂലമായ തീരുമാനമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള ആളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ഏതാനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഖമറുദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. എതിര്‍പ്പുകളെ സമവായത്തിന്റെ രീതിയിലേക്ക് കൈകാര്യം ചെയ്ത് പ്രശ്‌നം അവസാനിപ്പിക്കാന്‍ സമര്‍ത്ഥമായ നീക്കങ്ങളിലൂടെ ലീഗ് സംസ്ഥാന നേതൃത്വത്തിന് സാധിച്ചു.
പടന്ന എം.ആര്‍.വി.എച്ച്.എസില്‍ പഠിക്കുമ്പോള്‍ എം.എസ്.എഫ് പ്രവര്‍ത്തകനായാണ് ഖമറുദ്ദീന്‍ രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചത്. 1980-81 വര്‍ഷത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ പഠിക്കുമ്പോള്‍ ചീഫ് സ്റ്റുഡന്റ് എഡിറ്ററായിരുന്നു. പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്, യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ മുസ്്‌ലിംലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തിന് പുറമെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നുണ്ട്. തൃക്കരിപ്പൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച് 1995 മുതല്‍ 2000 വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. കുമ്പള ഡിവിഷനില്‍ നിന്ന് വിജയിച്ച് 2005 മുതല്‍ 2010വരെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.