ധനാഭ്യര്‍ത്ഥനയെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷത്തു നിന്ന് ഒരു അംഗം നടത്തിയ പരാമര്‍ശത്തിനെതിരെ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ നടത്തിയ ഒരു പ്രസംഗം ആണ് ഓര്‍മ്മ വന്നത്. ‘ബഹുമാനപ്പെട്ട അംഗം പരാതിപ്പെട്ടത് പോലെ പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയല്ല കേരളത്തിലെ ഒരു പൊതുമരാമത്ത് മന്ത്രി എന്ന നിലയില്‍ ഞാന്‍ ചെയ്തിട്ടുള്ളത്. അത് എന്റെ ജോലിയുമല്ല, മറിച്ച് കേരളത്തിലെ റോഡുകളില്‍ കല്ലുകള്‍ ഇടുകയാണ് ചെയ്തത്. എന്നാല്‍ ഈയടുത്തകാലത്തായി നാം ഏറെ വിലപിക്കുകയും പ്രതിഷേധിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു വിഷയമാണല്ലോ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍. നവമാധ്യമങ്ങളില്‍ നിരന്തര ട്രോളുകള്‍ വരുന്നത് നാം നോക്കി ചിരിച്ചിട്ടുണ്ടെങ്കിലും ഇത്തരം റോഡുകളിലൂടെ ഒരിക്കലെങ്കിലും സഞ്ചരിക്കാന്‍ ഇടയായപ്പോഴുണ്ടായ ദുരനുഭവം ഒരിക്കലും മറന്നു പോകില്ല. ഇന്ത്യയിലെ റോഡ് നിര്‍മ്മാണങ്ങളെ കുറിച്ചും അവയുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, ഈട് നില്‍പ്പ്, നിര്‍മ്മാണ അറ്റകുറ്റപ്പണികള്‍ തുടങ്ങിയ പ്രവര്‍ത്തി എന്നിവയെകുറിച്ച് വിശദമായ പ്ലാനിങ് കമ്മീഷന്റെയും ഇന്ത്യ റോഡ് കോണ്‍ഗ്രസിന്റെയും മാന്വലില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഇവയില്‍ വ്യക്തമായി സൂചിപ്പിക്കാത്ത അവയുടെ ഗുണനിലവാരം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്്‌സിന്റെ അംഗീകാരത്തിന് എങ്കിലും വിധേയമായിരിക്കണം. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് ഹൈവേ സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്, അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ടെസ്റ്റിങ് ആന്റ്‌മെറ്റീരിയല്‍സ്സ്റ്റാന്‍ഡേര്‍ഡ്‌സ് അല്ലെങ്കില്‍ യൂറോ കോഡ് ഓഫ് ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്‌സ് എന്നിവയുടെ ഗുണനിലവാരത്തിനൊത്തെങ്കിലും ആകണമെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുണ്ട്.
റോഡ് നിര്‍മാണത്തിലും പരിപാലനത്തിലും പ്രസ്തുത നിരത്തുകളിലൂടെ ദൈനംദിനം ഓടിക്കൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ഓടേണ്ടി വരുന്ന വാഹനങ്ങളുടെ വ്യക്തവും തരംതിരിച്ചതുമായ സാന്ദ്രതയും അത്തരം നിര്‍മ്മിക്കപ്പെടുന്നവയും നന്നാക്കുകയും ചെയ്യപ്പെടുന്ന പാതകളും നിലനില്‍പ്പ് കൂടിയും കണക്കിലെടുക്കേണ്ട കാര്യങ്ങള്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ വിവിധ നിര്‍ദ്ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കേണ്ടതാണ്. എന്തിനധികം ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന വെള്ളം പോലും മൂന്ന് മാസം ഇടവിട്ടോ മണ്‍സൂണ്‍ കാലം കഴിഞ്ഞ ഉടനെയും പ്രത്യേകം പരീക്ഷണ വിധേയമാക്കേണ്ടതാണ്. ഇന്ത്യയിലെ മൊത്തം റോഡുകളില്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രം ദേശീയപാത ആയിട്ടുള്ളൂ. 3% സംസ്ഥാന പാതകളും 11% പൊതുമരാമത്ത് റോഡുകളും ആണ്. ബാക്കി 70 ശതമാനം പാതകളും ഗ്രാമീണ മേഖലകളിലും 10% നഗരപ്രാന്തങ്ങളിലും പിന്നെ ബാക്കി വരുന്നവ പ്രോജക്ട് റോഡുകളും ആണെന്നാണ് കണക്ക്. ഇനി നമുക്ക് ഇന്നുകാണുന്ന റോഡ് നിര്‍മ്മാണത്തിലെ ചില വൈരുദ്ധ്യങ്ങളിലേക്ക് ഒരു സാധാരണ നികുതി ദായകനായ പൗരന്റെ കണ്ണുകളിലൂടെ നോക്കാം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കണമെങ്കില്‍ ഒരു വര്‍ഷത്തെ റോഡ് നികുതി അതും സാധാരണക്കാരനുപോലും താങ്ങാവുന്ന നിരക്കില്‍ ആയിരുന്നു മുന്‍കൂറായി അടച്ചു പോന്നിരുന്നത്. ഇന്ത്യയില്‍ അടിയന്തരമായും നിര്‍മ്മിക്കപ്പെടേണ്ടുന്ന പുതിയ റോഡുകള്‍ക്ക് വിഭവസമാഹരണം എന്ന പേരില്‍ ഇത് ആദ്യം തന്നെ 15 വര്‍ഷത്തേക്കാക്കുകയും തുടര്‍ന്ന് വര്‍ഷാവര്‍ഷം അവയുടെ നിരക്ക് ഉയര്‍ത്തി ജനങ്ങളെ ‘സേവിക്കുക’യും ചെയ്തു. പോരാത്തതിന് ലോകത്ത് ഒരിടത്തും ഇല്ലാത്ത ഉയര്‍ന്ന വിലയില്‍ ഇന്ത്യയില്‍ പെട്രോളും ഡീസലും വില്‍പ്പന നടത്തുകയും അതില്‍ ഭീമമായ ഒരു ഭാഗം നികുതിയിനത്തില്‍ കവര്‍ന്നെടുക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന മാറ്റങ്ങളില്‍ ഇറക്കം കയറ്റം അനുനിമിഷം പ്രാബല്യത്തില്‍ വരുത്തിയും ഈടാക്കിട്ടും റോഡുകളുടെ നിര്‍മ്മാണ പരിപാലന കാര്യത്തില്‍ പ്രസ്തുത തോതിലുള്ള വളര്‍ച്ച ഒരിക്കലുമുണ്ടായിട്ടില്ല. പോരാ, ഇനി ഇന്ത്യയിലുള്ള പരിമിതമായ സൗകര്യം ഉള്‍പ്പെടുത്തി ഒരു പത്തുനൂറ് കിലോമീറ്ററെങ്കിലും യാത്ര ചെയ്യുന്നവന്് ടോള്‍ ഫീസായും നല്ല ഒരു തുക തന്നെ വേണ്ടിവരുന്നു. ഇതിനെല്ലാം പുറമേ പുതിയ ഗതാഗത നിയമമനുസരിച്ചുള്ള അമിത പിഴ ഏറി. ഈ പിഴ അശാസ്ത്രീയമാണെന്നും അരുംകൊലയാണ് എന്നും പറയുന്ന സംസ്ഥാന സര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ വന്ന അന്നുതന്നെ കേരളത്തില്‍ മുഴുവന്‍ സ്ഥലങ്ങളിലും ഉള്ള ഉദ്യോഗസ്ഥന്മാരെ മുഴുവന്‍ റോഡിലിറക്കി പരിശോധനയും പിഴിയലും നിര്‍ബധം തുടങ്ങി ഖജനാവിലേക്കുള്ള ഒഴുക്കല്ലെ എന്ന് ഒരുഭാഗത്ത്, ശക്തമായ പ്രതിഷേധം മറുഭാഗത്തും. ഇനി നമ്മുടെ പൊടി ഇടല്‍ പരിപാടിയെക്കുറിച്ച് ഒന്നു നോക്കാം; തലപ്പാടി മുതല്‍ കാസര്‍കോട് ഭാഗത്തേക്കുള്ള റോഡുകളുടെ അവസ്ഥയും തലപ്പാടി മുതല്‍ സൂറത്ത് കല്‍ വരെയുള്ള റോഡുകളുടെ ഗുണനിലവാരവും നമുക്കൊന്ന് വിശദമായി നോക്കിയാല്‍ രണ്ടും ദേശീയ പാതയും അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പറഞ്ഞ സര്‍ക്കാര്‍ ഏജന്‍സികളുടെ ഗുണ നിലവാരമനുസരിച്ച് നിര്‍മ്മിച്ചതാണ്. എന്നാല്‍ കേരളത്തിലേക്കെത്തുന്ന ഭാഗം ഇത്രയും ആഴമേറിയ കുഴികളുടെയും പൊട്ടിപൊളിഞ്ഞു പാളീസാവുകയും ചെയ്തു നിലയിലായി? റീടാറിങ് സമയത്ത് ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥന്മാര്‍ മറ്റു ചില നിലവാരങ്ങളില്‍ ഉറപ്പുവരുത്തിയതായിരിക്കാം എന്ന് സംശയിച്ചു പോയാല്‍ പൊതു ജനത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. റോഡിലെ കുഴിയടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന മുറവിളി എങ്ങുമെത്താത്ത അവസ്ഥയില്‍ അതിനുവേണ്ടി ഒരു ലോകസഭാംഗം നിരാഹാരം ഇരിക്കേണ്ടി വന്നു എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് അല്‍പ്പമെങ്കിലും ഉളുപ്പ് തോന്നണ്ടേ. മഴക്കാലങ്ങള്‍ക്കു മുമ്പ് ഓടകള്‍ വൃത്തിയാക്കാതെയും നീരൊഴുക്ക് നടു റോഡിലേക്കൊഴുക്കി റോഡ് പൊട്ടിയും പൊളിഞ്ഞും വിണ്ടുകീറിയതിനുശേഷം ഓടകളിലെ മണ്ണുമാന്തുകയും ചെയ്യുന്ന പ്രവൃത്തി.
വിദേശരാജ്യങ്ങളില്‍ നേരിട്ട് കണ്ട ഒരു അവസ്ഥയും നമ്മുടെ കുഴി നികത്തലും ഒന്ന് താരതമ്യപ്പെടുത്തുന്നത് ഉചിതമാകും. കുഴി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് പ്രസ്തുത കുഴിയുടെ ഏതാണ്ട് ഒന്ന് രണ്ട് ഫീറ്റുകള്‍ വിട്ടു ചതുരാകൃതിയില്‍ റോഡുകള്‍ പവര്‍കട്ടറുകള്‍ ഉപയോഗിച്ച് ഏതാണ്ട് 4 മുതല്‍ 6 ഇഞ്ചോളം ആഴത്തില്‍ മുറിച്ചുമാറ്റി പ്രസ്തുത കുഴിയില്‍ യഥാവിധി ജല്ലിയും ടാറും മറ്റും ചേര്‍ത്ത മിശ്രിതം നിറച്ച് റോളറുകള്‍ ഉരുട്ടി പ്രതലം യാത്ര യോഗ്യമാക്കുന്നു.
ഇവിടെ ചെയ്യുന്നതോ കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും പൗഡര്‍ അവസ്ഥയിലുള്ള കരിങ്കല്‍ പൊടിയും ബേബി ജെല്ലിയും നിറക്കുന്നു. ഒന്നോ രണ്ടോ ചിലപ്പോള്‍ അതിലധികമോ ദിവസങ്ങളോളം പ്രസിദ്ധ കുഴികളിലൂടെ വാഹന നിര തന്നെ അനുസ്യുതം പോവുകയും വരികയും ചെയ്യും. പിന്നീട് ഏതെങ്കിലും ഒരു ബംഗാളി പയ്യന്‍ ബക്കറ്റിലോ ചട്ടിയിലോ ടാര്‍ മിശ്രിതം വന്ന് ഒരൊറ്റ ഒഴുക്ക്. അവയുടെ കനം കുഴികളുടെ കരകളില്‍ ഒന്നോ രണ്ടോ ഇഞ്ച് മാത്രം കിട്ടിയാലായി. ഇല്ലെങ്കില്‍ അതുമില്ല. കുറ്റം പറയരുതല്ലോ ചില പരന്ന കുഴികളുള്ള സ്ഥലങ്ങളില്‍ ജെ.സി.ബി ഉപയോഗിച്ച് അല്‍പമൊരു മാന്തല്‍ മാത്രം. പൂച്ച മാന്തിയ പോലെ. അതുകൊണ്ട് പുതുതായി ഇടുന്ന മിശ്രിതം എത്രകണ്ട് പഴയതുമായി ഒട്ടിപിടിക്കുമെന്ന് നമുക്ക് തന്നെ ഊഹിക്കാനാകും. അത് ഉടനെ പൊട്ടിപ്പൊളിഞ്ഞാലേ വീണ്ടും നമുക്ക് ചിലത് പൊട്ടിക്കാനാവു. നമ്മുടെ ബഹുമാന്യനായ ലോക്‌സഭാംഗം ശ്രീ രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞമാതിരി ഒരു 60% എങ്കിലും പണിതു കൂടെ.
ഒരു അഭിപ്രായം കൂടി:- ഇന്ന് ഓരോ കാര്യത്തിനും ഓരോ പരിശോധന വകുപ്പുകള്‍ ഉണ്ടല്ലോ. വാഹനപരിശോധന, ഭക്ഷ്യസുരക്ഷാ, നികുതി ചോര്‍ച്ച, ക്വാളിറ്റി കണ്ട്രോള്‍ എന്നൊക്കെ അതുപോലെ പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം, പ്രവര്‍ത്തന ക്ഷമതയുടെ അനാലറ്റിക്കല്‍ ലബോറട്ടറിയുടെ ഉയര്‍ന്ന സാങ്കേതിക വിദ്യയുടെയും നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയ ശേഷമേ കരാറുകാര്‍ക്ക് പണം നല്‍കാവു എന്ന ഒരു നിയമനിര്‍മ്മാണം ഒരു പരിധിവരെ ഉപയോഗപ്രദമായേക്കാം.