കാസര്‍കോട്: 30 സെന്റ് ഭൂമിക്ക് വേണ്ടി അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതിയെ(60) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ അനില്‍ കുമാറിനെ (38) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ഇന്ന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
നേരത്തെ ഈ കേസിന്റെ വിധി രണ്ടുതവണ മാറ്റിവെച്ചിരുന്നു.
2015 മെയ് 18ന് മകള്‍ അനിതയ്ക്കും മകളുടെ ഭര്‍ത്താവ് രാമചന്ദ്രനുമൊപ്പം കുമ്പള ബസ് സ്റ്റാന്റിലെ നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന പത്മാവതിയെ പിറകിലൂടെ എത്തിയ അനില്‍കുമാര്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പത്മാവതിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് 30 സെന്റ് സ്ഥലം തന്റെ പേരില്‍ എഴുതി നല്‍കാന്‍ അനില്‍ കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പത്മാവതി ഇത് നിരസിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പത്മാവതിയെയും അനില്‍ കുമാറിനെയും മകള്‍ അനിതയെയും രാമചന്ദ്രനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശേഷം മകള്‍ക്കും മകളുടെ ഭര്‍ത്താവിനുമൊപ്പം തിരിച്ചു പോകുന്നതിനിടെയാണ് പത്മാവതിക്ക് കുത്തേറ്റത്. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.