കാഞ്ഞങ്ങാട്: സംസ്ഥാന കായിക യുവജന കാര്യാലയത്തിനു കീഴില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന കേന്ദ്രം കിക്കോഫ് ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമാകും. 2009, 10, 11 വര്‍ഷത്തില്‍ ജനിച്ച പെണ്‍കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുക്കുക. രണ്ട് വര്‍ഷത്തെ തീവ്ര പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക. ഒക്ടോബര്‍ 17 നാണ് സെലക്ഷന്‍ ക്യാമ്പ്. സെലക്ഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ www.sports kerala kickoff.org എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി ലഭിക്കുന്ന എസ്.എം.എസ് വഴി സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദേശം ലഭിക്കും. രക്ഷിതാവിനോടൊപ്പമാണ് സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. സെലക്ഷന് ഹാജരായ മുഴുവന്‍ കുട്ടികളുടെയും ഉയരവും തൂക്കവും രേഖപ്പെടുത്തിയ ശേഷം ഗ്രൂപ്പുകളായി തിരിച്ച് സെലക്ഷന്‍ കമ്മിറ്റി നിര്‍ണയിക്കുന്ന വിവിധ ടെസ്റ്റുകള്‍ നടത്തുന്നു. കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌കോറുകള്‍ കിക്കോഫ് വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്ത ശേഷം ആകെ സ്‌കോറിന്റെ മുന്‍ഗണനാ ക്രമത്തില്‍ പ്രാഥമികമായി 50 കുട്ടികളെ തിരഞ്ഞെടുക്കും. ഇങ്ങനെ തിരഞ്ഞെടുക്കുന്ന 50 കുട്ടികളുടെ ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പരിശോധനയ്ക്കായി ഹാജരാക്കും. ദേശീയഅന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഇവരെ ഉയര്‍ത്തുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ജില്ലയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഏക കിക്കോഫ് സെന്ററാണിത്. ഇതു സംബന്ധിച്ച ആദ്യ ഘട്ട യോഗം കഴിഞ്ഞ ദിവസം ബല്ല ഈസ്റ്റ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു.
വാര്‍ഡ് കൗണ്‍സിലര്‍ കെ. ലത, പ്രധാനാധ്യാപകന്‍ വി. ഭാസ്‌ക്കരന്‍, സംസ്ഥാന കിക്കോഫ് കോ-ഓര്‍ഡിനേറ്റര്‍ കുഞ്ഞിക്കോയ, പി.ടി.എ പ്രസിഡണ്ട് അഡ്വ. വേണുഗോപാല്‍, റവന്യൂ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കെ. പത്മനാഭന്‍, പ്രിന്‍സിപ്പല്‍ എം. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.