മംഗളൂരു: പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബണ്ട്വാള്‍ സജിപമുന്നൂരിലെ ടാക്സി ഡ്രൈവര്‍ സന്തോഷിനെ (32) യാണ് മംഗളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്. പിഴയടച്ചാല്‍ 7,500 രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2014 ജൂലൈയില്‍ പെണ്‍കുട്ടിയെ സന്തോഷ് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടിയുമായുള്ള ബന്ധം സന്തോഷ് അവസാനിപ്പിക്കുകയായിരുന്നു. 2015 ജൂലൈ 28ന് പെണ്‍കുട്ടി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് സന്തോഷ് ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ബണ്ട്വാള്‍ ടൗണ്‍ പോലീസാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.