കൊച്ചി: വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് 2.18 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശിനി കൊച്ചിയില്‍ പിടിയിലായി. കാഞ്ഞങ്ങാട് ആവിക്കര സ്വദേശിനി മാര്‍ഗരറ്റ് മേരി അലക്കോക്കിനെ (43)യാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ധ്യാന കേന്ദ്രങ്ങളിലെ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നവരുടെ കാഞ്ഞങ്ങാട്ടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് മേരി അപേക്ഷകരെ കണ്ടെത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. അതേസമയം തട്ടിപ്പുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്.
ഗള്‍ഫില്‍ പരിചയപ്പെട്ട കോട്ടയം സ്വദേശിയായ ജോഷി തോമസ്, മെറിന്‍ തോമസ് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്ന് മേരി പൊലീസിന് മൊഴി നല്‍കി. തട്ടിപ്പ് ആസൂത്രണം ചെയ്തത് ജോഷി തോമസാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്ന ജിമ്മി, ബിജു എന്നിവരും തട്ടിപ്പിന് ഒത്താശ നല്‍കിയതായി പൊലീസിന് സൂചന ലഭിച്ചു. 1.5 ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെയാണ് ഒരാളില്‍ നിന്നും ഇവര്‍ കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് അറിയുന്നത്. മഞ്ജു എന്ന വ്യാജ പേരിലാണ് മേരി അപേക്ഷകരുമായി ഇടപെട്ടിരുന്നത്. കഴിഞ്ഞദിവസം രവിപുരത്തെ വിസ അറ്റസ്റ്റേഷന്‍ കേന്ദ്രത്തിനു സമീപമെത്തി 55,000 രൂപ നേരിട്ടു കൈമാറാന്‍ മേരി അപേക്ഷകരോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് 40 പേര്‍ പണം നല്‍കി. മേരി ഈ പണം ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കൈമാറുകയായിരുന്നു. സംശയം തോന്നിയ അപേക്ഷകര്‍ മേരിയേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തുകയും പൊലീസിന്റെചോദ്യം ചെയ്യലില്‍ തട്ടിപ്പ് പുറത്താകുകയുമായിരുന്നു.