മഞ്ജുവാരിയര്‍ക്കൊപ്പം പ്രധാനവേഷത്തില്‍ അഭിനയിക്കാന്‍ പ്രമുഖ നടന്മാര് ചോദിച്ച തുക കേട്ട് ഞെട്ടിയ സംവിധായകന്‍ ഒടുവില്‍ ആ റോള്‍ സ്വയം ചെയ്യാന്‍ തീരുമാനിച്ചു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ് തന്റെ പുതിയ ചിത്രമായ ‘പ്രതി പൂവന്‍കോഴി’യില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്. മഞ്ജുവാരിയര്‍ നായികയായ ചിത്രത്തില്‍ ആന്റപ്പന്‍ എന്ന കഥാപാത്രമായാണ് റോഷന്‍ അഭിനയിക്കുക. എട്ടുദിവസത്തെ അഭിനയത്തിന് പ്രമുഖ നടന്മാര് ചോദിച്ച തുക താങ്ങാന്‍ വയ്യാത്തതുകൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് തന്നെ ആ വേഷം ചെയ്യാന്‍ തീരുമാനിച്ചത്. സ്വന്തം സിനിമകളില്‍ ഒരു ഷോട്ടില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള റോഷന്റെ അഭിനയ അരങ്ങേറ്റം കൂടിയാകും ഈ സിനിമ.ഒരാഴ്ചത്തെ ജോലിക്ക് പലരും പറഞ്ഞ പ്രതിഫലം ഈ സിനിമയ്ക്ക് ചേരുന്നതായിരുന്നില്ല. ഞാന്‍ എന്റെ സിനിമയില്‍ കഥാപാത്രങ്ങള്‍ക്കാണ് പ്രതിഫലം നിശ്ചയിക്കുന്നത്, താരങ്ങള്‍ക്കല്ല. അതുകൊണ്ടാണ് ഈ വേഷം ചെയ്യാന്‍ തീരുമാനിച്ചത്.
അഭിനയത്തോട് ഇഷ്ടമുണ്ടെങ്കിലും അഭിനയിപ്പിക്കുന്ന സംവിധായകനാകാനാണ് കൂടുതല്‍ ഇഷ്ടം. റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ‘ആക്ഷന്‍ ഹീറോ ബിജു’വില്‍ ഒരു വേഷം ചെയ്യാന്‍ നിവിന്‍ ഒരുപാട് നിര്‍ബന്ധിച്ചിരുന്നു. പക്ഷേ അന്ന് അത് ചെയ്യാന്‍ കഴിഞ്ഞില്ല. ഈ സിനിമയുടെ തിരക്കഥാകൃത്തായ ഉണ്ണി. ആറാണ് ഈ കഥാപാത്രം ചെയ്യാന്‍ എന്നോട് ആവശ്യപ്പെടുന്നത്. വീട്ടിലും എല്ലാവരും പൂര്‍ണപിന്തുണ. തിരക്കഥാകൃത്ത് സഞ്ജയ്‌യും എന്നെ പ്രോത്സാഹിപ്പിച്ചു.’–റോഷന്‍ പറഞ്ഞു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി.
സിനിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉണ്ണി ആറാണ്. നിര്‍മാണം ഗോകുലം മൂവീസ്. ചിത്രം അടുത്തവര്‍ഷം ജനുവരിയില്‍ തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി.