കാഞ്ഞങ്ങാട്: ഹെല്‍മെറ്റ് ധരിക്കാതെയും കൈകാണിച്ച് നിര്‍ത്താതെയും പൊലീസിന് പിടികൊടുക്കാതെ സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി ഒടുവില്‍ കുടുങ്ങി. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ യുവതി പൊലീസിനെ വെല്ലുവിളിച്ചത് നാടകീയരംഗങ്ങള്‍ക്ക് ഇടവരുത്തി. നീലേശ്വരം ചിറപ്പുറം സ്വദേശിനിയായ യുവതിയാണ് പൊലീസിനെ വട്ടംകറക്കിയത്. കഴിഞ്ഞ ദിവസം രാവിലെ നീലേശ്വരം സി.ഐ മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ യുവതിയാണ് തലവേദന സൃഷ്ടിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിനാലും തലയും മുഖവും ഷാള്‍കൊണ്ട് മറച്ചതിനാലും സ്‌കൂട്ടര്‍ നിര്‍ത്താനായി പൊലീസ് കൈകാണിച്ചു. എന്നാല്‍ യുവതി സ്‌കൂട്ടര്‍ നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു.
ഇതോടെ പൊലീസ് ഈ സ്‌കൂട്ടറിനെ പിന്തുടര്‍ന്നു. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുക്കാന്‍ തുനിഞ്ഞ പൊലീസിന് നേരെ യുവതി കയര്‍ത്തു. പൊലീസിനും സംഭവത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമെതിരെ യുവതി കയ്യേറ്റത്തിന് മുതിരുകയും വാഹനം കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് സ്‌കൂട്ടറിന് മുകളില്‍ കയറി ഇരിക്കുകയും ചെയ്തു. ഇതോടെ വനിതാപൊലീസിന്റെ സഹായത്തോടെ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിനിടയില്‍ യുവതി സൃഷ്ടിച്ച നാടകീയരംഗങ്ങളെല്ലാം തെളിവിനായി പൊലീസ് മൊബൈല്‍ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചതിനും രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കാത്തതിനുമാണ് യുവതിക്കെതിരെ കേസെടുത്തത്. അതേ സമയം സി.ഐക്കെതിരെ യുവതി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി.