കാഞ്ഞങ്ങാട്: എലിപ്പനിബാധയെ തുടര്‍ന്ന് ബളാല്‍ പഞ്ചായത്തില്‍ മൂന്നുപേര്‍ മരണപ്പെട്ടതോടെ മലയോരം എലിപ്പനി ഭീതിയില്‍. കല്ലംചിറയിലെ കൃഷ്ണന്‍ (43), മാലോം എടക്കാനത്തെ രാജന്‍ (50), കാര്യോട്ട്ചാലിലെ കൃഷ്ണന്‍ (43) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഇവര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
അതേസമയം പനിബാധിച്ച ഇവര്‍ ആദ്യം ചികിത്സ തേടി ആസ്പത്രിയിലെത്തിയിരുന്നുവെങ്കിലും മരുന്ന് കഴിക്കാതിരുന്നതാണ് പനി കൂടി മരണത്തിന് കീഴടങ്ങാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.
ബളാല്‍ പഞ്ചായത്തില്‍ മൂന്നുപേര്‍ എലിപ്പനി ബാധിച്ച് മരിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് അടിയന്തിര നടപടികള്‍ കൈകൊള്ളാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ നിര്‍ദ്ദേശം നല്‍കി. തൃശൂരിലുള്ള റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇതുസംബന്ധിച്ച് മന്ത്രിയെ ആശങ്കകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മന്ത്രി കെ.കെ ശൈലജ അടിയന്തിരമായി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.