കാഞ്ഞങ്ങാട്: തങ്ങളുടെ അമിതമദ്യപാനം കാരണം ആത്മഹത്യ ചെയ്ത അമ്മയെക്കുറിച്ചുള്ള നീറുന്ന ഓര്‍മ്മകളുമായി കഴിയുന്ന മക്കള്‍ ഒടുവില്‍ ഒരു തീരുമാനമെടുത്തു.ഇനി ജീവിതത്തിലൊരിക്കലും മദ്യപിക്കില്ലെന്ന്. കല്ലൂരാവി അയ്യപ്പഭജനമഠത്തിന് സമീപം താമസിക്കുന്ന സുജിത്തും അജിത്തുമാണ് മദ്യപാനത്തോട് വിടപറഞ്ഞത്. ഇന്നലെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തിയാണ് രണ്ടുപേരും മദ്യത്തിനെതിരായ തങ്ങളുടെ ഉറച്ചതീരുമാനം അറിയിച്ചത്. എസ്.ഐ കെ മുകുന്ദന്‍, എ.എസ്.ഐ ജോസിജോര്‍ജ്, സിവില്‍ പൊലീസ് ഓഫീസര്‍ പി.കെ.രാമകൃഷ്ണന്‍ ചാലിങ്കാല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും ഉറച്ച തീരുമാനമെടുത്തത്. സുജിത്തിന്റെയും അജിത്തിന്റെയും അമ്മ മക്കളുടെ മദ്യപാനത്തില്‍ മനംമടുത്ത് ഈയിടെ ആത്മഹത്യ ചെയ്യുകയായിരുന്നു.
സുജിത്തും അജിത്തും കൂലിവേലക്കാരാണ്. പണിയെടുത്ത് കിട്ടുന്ന കൂലിയില്‍ ഭൂരിഭാഗവും മദ്യപാനത്തിനാണ് വിനിയോഗിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം കുടുംബഭാരം ഏറ്റെടുത്ത ശാരദക്ക് നടുവേദനയും കഴുത്ത് വേദനയും കാരണം ജോലിക്ക് പോകാന്‍ കഴിയാതായി. അതോടൊപ്പം മക്കളുടെ ജീവിതം മറന്നുള്ള മദ്യപാനവും മാനസികമായി അലട്ടിയതോടെ പിടിച്ചുനില്‍ക്കാനാകാതെ ശാരദ ആത്മഹത്യയില്‍ അഭയംപ്രാപിക്കുകയായിരുന്നു. അമ്മയുടെ മരണത്തോടെ മക്കളുടെ മനസ് കുറ്റബോധത്താല്‍ നീറിതുടങ്ങുകയായിരുന്നു. തങ്ങള്‍ കാരണം ജീവനൊടുക്കിയ അമ്മയ്ക്ക് മരണശേഷമെങ്കിലും ശാന്തി ലഭിക്കട്ടെയെന്ന് കരുതിയാണ് മദ്യപാനം തങ്ങള്‍ ഉപേക്ഷിക്കുന്നതെന്ന് സുജിത്തും അജിത്തും പൊലീസിനോട് വെളിപ്പെടുത്തി.