കാഞ്ഞങ്ങാട്: പൊട്ടിപ്പൊളിഞ്ഞ തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയ പാത നന്നാക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ ഇന്നലെ കേന്ദ്ര ഉപരി തല ഗതാഗത വകുപ്പ് (നോര്‍ത്ത്) വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ബാലകൃഷ്ണ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച ഉറപ്പ് കിട്ടിയതെന്നും യോഗത്തില്‍ റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും എം.പി പറഞ്ഞു. കുഴിയടക്കല്‍ ശാശ്വത പരിഹാരമല്ലെന്നും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന റീ ടാറിങ്ങ് നടത്തണമെന്നും എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ദേശീയപാത നന്നാക്കുന്നതിന് അനുവദിച്ച പണം ഉപയോഗിച്ച് പണിപൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന കാര്യം കേന്ദ്ര ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതായും എം.പി. അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചാലുടന്‍ പണം അനുവദിക്കാമെന്നും പണത്തിന്റെ കുറവ്മൂലം പണി നടക്കാതിരിക്കില്ലെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഉറപ്പ് നല്‍കിയതായും പുതുക്കിയ എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കി നല്‍കാന്‍ കേരള സര്‍ക്കാരിനോട് കേന്ദ്ര ഉപരി തല ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടിതായും ഉണ്ണിത്താന്‍ അറിയിച്ചു.