പാര്‍ലമെന്റ്-അസംബ്ലി മന്ദിരങ്ങള്‍ തൊട്ട് താഴോട്ട് സകല ഔദ്യോഗിക അനൗദ്യോഗിക സ്ഥാപനങ്ങളുടെയും മുറ്റങ്ങളില്‍ പതിവ് കാഴ്ചയാണ് നിരാഹാര സമരം. അത് കൊണ്ട് തന്നെ ജനം അതത്ര ശ്രദ്ധിക്കാറില്ല. എന്നാല്‍, ഈ ജില്ലയിലെ ദേശീയ പാത (ദേശീയ പാത മാത്രമോ കാസര്‍കോട് അടക്കം നഗരങ്ങളുടെയും ചെര്‍ക്കള പോലുള്ള പട്ടണങ്ങളുടെയും അവസ്ഥയെന്ത്) നന്നാക്കണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഇക്കഴിഞ്ഞ 20-ാം തിയതി 24 മണിക്കൂര്‍ അനുഷ്ഠിച്ച ഉപവാസത്തോട് കക്ഷി രാഷ്ട്രീയ സൈദ്ധാന്തിക ദുശ്ശ്യാഠ്യക്കാരൊഴികെയുള്ള ജനം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതെന്തേ!
ഒന്ന്: ഈ ജില്ലക്കാരുടെ നാനാവിധ വാഞ്ജനകളോട് എം.പി. ക്കുള്ള ആഭിമുഖ്യം രണ്ട്: കാലാകാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാറുകളും ഔദ്യോഗിക വൃത്തങ്ങളും ഈ ജില്ലയോട് എക്കാലത്തും കാണിക്കുന്ന അവഗണനക്കെതിരെ കത്തിപ്പടരുന്ന രോഷാഗ്‌നി. മൂന്ന്: പാത -പാലങ്ങള്‍ അടക്കം സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനഘടനയുടെ അടിശ്ശീലയില്‍ സ്ഥായിയായി വീണ വിള്ളലിനെ ഭരണകൂടങ്ങള്‍ നിസ്സംഗതയോടെ സമീപിക്കുന്നതിനെതിരെയുള്ള പൗര പ്രതിഷേധത്തിന്റെ ഭാഗം. മരിക്കുവോളം ഈ മണ്ഡലത്തിലെ ജനതയോടും അവരുടെ ഹിതങ്ങളോടും താന്‍ ഇഴുകി ചേര്‍ന്നുനില്‍ക്കുമെന്ന് ഉണ്ണിത്താന്‍ മുടങ്ങാതെ പറയുന്നു. പാതകള്‍ നന്നാക്കി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ ഇനിയും വൈകുന്നുവെങ്കില്‍ പാതകള്‍ നന്നാക്കുന്നത് വരെയോ മരിക്കുന്നതുവരെ താന്‍ ഉപവസിക്കും എന്ന് അദ്ദേഹം തികഞ്ഞ വൈകാരികതയോടെ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ അളക്കാനൊന്നും നാളുകള്‍ എത്തിയിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ നമുക്ക് അദ്ദേഹത്തെ വിശ്വസിക്കാം. ഉണ്ണിത്താന്‍ ‘എത്രത്തോളം, എങ്ങനെ’ മരിക്കും എന്ന് പരീക്ഷിക്കാന്‍ മാത്രം ക്രൂരത ആര്‍ക്കും ഇല്ലാതിരിക്കട്ടെ.
രാഷ്ട്രീയ പ്രതിയോഗികള്‍ ആരോപിക്കുന്നതുപോലെ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനല്ല, തകര്‍ന്ന റോഡില്‍ മണ്ണിടിക്കാനാണ് സമരം എന്നാണ് എം.പിയുടെ പക്ഷം.
തന്റെ യശസ്സുയര്‍ത്താനും രാഷ്ട്രീയ നേട്ടത്തിനുള്ള ഒരു നമ്പറാണ് ഈ പട്ടിണി കിടപ്പെന്ന് ആക്ഷേപിക്കാന്‍ എതിര്‍പക്ഷത്തിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ശരിയായിരിക്കാം. നാട് അങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ. അതിന് ഇണങ്ങുന്ന ഒരു നിര്‍ദ്ദേശം വയ്ക്കട്ടെ: ഹൈവേ നന്നാക്കല്‍ പണി തുടങ്ങുമ്പോഴും പണി തുടരുമ്പോഴും കഴിഞ്ഞ നിരാഹാര യജ്ഞത്തെ എതിര്‍ത്തവര്‍ സ്‌ക്വാഡുകള്‍ ഉണ്ടാക്കി സമാധാനപൂര്‍വ്വം വര്‍ക്ക് സൈറ്റില്‍ നിലയുറപ്പിക്കുക. ചെയ്യാന്‍ ബാധ്യസ്ഥരായ എഞ്ചിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും കടമ നിര്‍വഹിക്കുന്നില്ലെങ്കില്‍ കണ്ണെത്തും ദൂരത്ത് അനൗദ്യോഗികമായി ജോലി തടസ്സപ്പെടാത്ത നിലയില്‍ നിലയുറപ്പിക്കാന്‍ പൊതുഖജനാവിലെ ഉടമകളായ, ബാലറ്റ് പേപ്പറില്‍ മുദ്ര ചാര്‍ത്തി മാത്രം പരിചയമുള്ള പൗരന്മാര്‍ക്ക് അവകാശമില്ലേ? ചിലയിടങ്ങളില്‍ അങ്ങനെ പോയി പണിയുടെ മട്ടവും ഗുണമേന്മയും ഒക്കെ കണ്ട് കണ്‍കുളിര്‍ക്കെ കണ്ണടച്ച് നില്‍ക്കേണ്ടിവന്നവരുണ്ടത്രേ. ചിലരൊക്കെ കൈ കുളിത്ത് മടങ്ങാറുണ്ടത്രേ. പണിയേറ്റവരുടെ കാവലാളുകള്‍ പെരുമാറി തിരിച്ചയച്ച സംഭവങ്ങളുമുണ്ട് പോലും! അത്തരം റോഡുകള്‍ വര്‍ഷങ്ങളോളം കുഴികളും മേടുകളും നിറഞ്ഞ് സമര സന്നാഹത്തിന്റെ പ്രതീകങ്ങളായി ഇപ്പോഴും പലയിടങ്ങളിലും ഉണ്ട്. എഞ്ചിനീയര്‍മാരും കോണ്‍ട്രാക്ടര്‍മാരും ഫൈനല്‍ ബില്‍ വിഹിതം വച്ചു പോയിട്ടുണ്ട്. ഏതൊരു രാഷ്ട്രീയ കക്ഷിയും ഇപ്പോള്‍ പകല്‍ ആണെന്ന് പറഞ്ഞാല്‍ അല്ല രാത്രിയാണ് എന്ന് സ്വന്തം അണികളെ ധരിപ്പിക്കാന്‍ വെമ്പുക എതിര്‍കക്ഷിയുടെ ‘പരമമായ’ ധര്‍മ്മം ആണല്ലോ. ജില്ലയില്‍ ഹൈവേയുടെ അറ്റകുറ്റപ്പണി തുടങ്ങി കഴിഞ്ഞതിനാല്‍ ഇനി ചെലുത്തുന്ന സമ്മര്‍ദ്ദം ആവശ്യമില്ലെന്ന വാദം നിലനില്‍ക്കാത്തതും അസ്വീകാര്യവുമാണ്. ജനസമ്മര്‍ദ്ദത്തെ അലിയിച്ച് അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് എം.പി വിശേഷിപ്പിച്ച പോലെ ഒരു ‘നെക്‌സസി’ന്റെ (സംബന്ധം) കുടില തന്ത്രമാണ്. നേരെ ഉണ്ണിത്താനെ ഉദ്ധരിച്ചാല്‍ ‘എഞ്ചിനീയര്‍മാരുടെ കോണ്‍ട്രാക്ട് മാരുടെയും ചില രാഷ്ട്രീയക്കാരുടെയും ഒരു ‘നെക്‌സസ് ‘(അസംബന്ധം) നാട്ടിന്റെ വികസനത്തെ വിലക്കുന്നു. ഈ അപ്രിയസത്യം ആവര്‍ത്തിച്ച് വിളിച്ചുപറഞ്ഞ എം.പി.യുടെ ആര്‍ജ്ജവത്തെ വാഴ്ത്തുന്നു. പല നേതാക്കളും ഇത് ഉറക്കെ പറയാന്‍ മടിക്കുന്നവരാണ്.
നെക്‌സസില്‍ പെട്ട ഒരു പറ്റം ഒരു പക്ഷേ അവരുടെ വീട്ടിലും ഇറയത്തും മറഞ്ഞിരുന്നു ഊറിച്ചിരിച്ചിട്ടുണ്ടാവാം- തങ്ങള്‍ ഇത് എത്ര കണ്ടതാ എന്ന മട്ടില്‍. പേരെങ്കില്‍ ഇതില്‍ പെട്ട ചിലരെങ്കിലും ഉപവസിച്ച എം.പിക്ക് കൈകൊടുത്ത് അഭിവാദ്യവും ഉണ്ടാവാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരാറുകാരുള്ള ജില്ല ആയിരിക്കും ഒരുപക്ഷേ കാസര്‍കോട്. പാസാക്കിയ അറ്റകുറ്റപ്പണികള്‍ക്ക് റീച്ച് ഓരോന്നിനും എട്ടുകോടി രൂപ വീതം അനുവദിച്ച തുക തീരെ അപര്യാപ്തമായതിനാല്‍ ഒരുക്കമല്ലെന്ന് അത്രയേ തരപ്പെടുവെന്ന് എന്‍ജിനിയര്‍മാര്‍ പറയുന്നു; ദേശീയപാത അതോറിറ്റിയുടെ നിലപാട് അന്തിമമായി അറിയില്ല. അതൊക്കെ ചര്‍ച്ച ചെയ്യാന്‍ ആയിരിക്കാം; ഡല്‍ഹിയില്‍ ഉന്നത വൃത്തങ്ങള്‍ എം.പി.യെ വിളിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ബന്ധപ്പെട്ട മന്ത്രി വി.കെ സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ഉണ്ണിത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തുക ഇത്രയും പേരെന്ന് കരാറുകാരും അത്രയേ ഉള്ളൂ എന്ന് ഡിപ്പാര്‍ട്ട്‌മെന്റും പറഞ്ഞതിനെ രണ്ടു കൂട്ടരും തമ്മിലുള്ള ‘ചക്കളത്തിപ്പോര്’ എന്നാണ് വിശേഷിപ്പിച്ചത്.
എട്ടുകോടി എന്തേ മതിയാകാത്തതെന്ന് അധികാരപൂര്‍വ്വം ചോദിക്കാന്‍ ആവാത്ത വിധം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ മേല്‍പ്പറഞ്ഞ അവിഹിത കൂട്ടുകെട്ട് ഭാഗമാവുന്നത് നാടിന്റെ ദുര്യോഗം. ഈ കൂട്ടുകെട്ട് ചക്കളത്തി പോര് നടത്തുന്നത് കൂടുതല്‍ എസ്റ്റിമേറ്റ് അനുവദിച്ചു കിട്ടാനാണ്. പാസാക്കിയ 8കോടിയില്‍ തങ്ങളുടെ വിഹിതങ്ങള്‍ തമ്മില്‍ തീര്‍ച്ചയാക്കി മാറ്റിവച്ചാല്‍ റോഡിലിറക്കാന്‍ മതിയായ തുക ഉണ്ടാവില്ല എന്ന് പറയാതെ പറയുകയാണ് എഞ്ചിനീയര്‍മാരും കരാറുകാരും. ഏറ്റെടുത്ത മരാമത്ത് പണിതീര്‍ക്കാന്‍ യഥാര്‍ത്ഥത്തില്‍ കിട്ടുന്നത് ശരാശരി എത്ര ശതമാനം വരും തുക എന്ന് ഊഹാപോഹത്തെ ആധാരമാക്കി എഴുതുന്നത് പത്രധര്‍മം ആവില്ല. മുന്‍പോന്ന കൂട്ടുകെട്ടിനകത്ത് നടക്കുന്ന ‘സംഭവ ബഹുലത’കളിലേക്ക് ഊളിയിട്ട് ഇറങ്ങുന്നുമില്ല. എങ്കിലും എസ്റ്റിമേറ്റിന്റെ പകുതി വരില്ല എന്ന് രഹസ്യമായി പറയുന്നത് ചില കരാറുകാര്‍ തന്നെയാണ്. എന്തുചെയ്യാം, ‘ലാഭ’വിഹിതത്തിന്റെ പകുതിയിലേറെ എന്‍ജിനീയര്‍മാരും ഡിപ്പാര്‍ട്ട്‌മെന്റ് മറ്റു ഉദ്യോഗസ്ഥന്മാരും ബലത്തില്‍ വിലപേശി വാങ്ങുകയാണ് എന്ന് പരിചയപ്പെടുന്ന കരാറുകാരും എത്രയോ ഉണ്ട്. കരാറുകാരന്‍ മാത്രം കാടടച്ച് വെടി വെക്കുക എന്ന പൊതു നിലപാട് പറ്റെ ശരിയല്ല. ഈ ലേഖകന്‍ പഴയകാലത്തെ ഏതാണ്ട് ഭേദപ്പെട്ട ഒരു കരാറുകാരന്റെ മകനായ കൊണ്ടുള്ള ന്യായീകരണമല്ല. എന്റെ ഒട്ടേറെ അടുത്ത ബന്ധുക്കള്‍ ഈ രംഗത്ത് ഇപ്പോഴും സജീവമായി വ്യാപരിക്കുന്നത് കൊണ്ടുമല്ല. കരാറുകാര്‍ പണിയെടുക്കുന്നത് പരമാവധി ലാഭമടിച്ച് പണക്കാരന്‍ ആകണം എന്ന് സ്വപ്‌നം കണ്ടു കൊണ്ട് തന്നെയാണ്. അവര്‍ അതിന് പലവഴികളും അവലംബിച്ചേക്കാം. അവര്‍ അഴിമതിയില്‍ മുങ്ങിത്താഴുന്ന ആഴം അവരവരുടെ ധാര്‍മികതയുടെ പ്രശ്‌നമാണ്. പണിതീര്‍ത്ത് കാലമെത്രയോ കാത്തിരുന്നാലും ട്രഷറി കാലിയാണെന്ന ന്യായം പറഞ്ഞ് പണം നല്‍കാതെ ബില്ലുകള്‍ പിടിച്ചു വെക്കുന്ന ഭരണകൂട നയം മൂലം എത്രയോ ഇടത്തര- ചെറുകിട കരാറുകാര്‍ കടക്കെണിയില്‍പ്പെട്ട് കിടപ്പാടം ജപ്തി ചെയ്യപ്പെടുന്ന സ്ഥിതിയിലേക്ക് എത്തുന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. അവരൊന്നും വന്‍ അഴിമതികള്‍ നടത്തി കോടികള്‍ കൊയ്യുന്ന വന്‍കിടക്കാരല്ല. അനാരോഗ്യകരമായ മത്സരത്തിലേര്‍പ്പെട്ട് നന്നേ ചെറിയ സംഖ്യക്ക് പണി സ്വന്തമാക്കുന്ന കരാറുകാര്‍ക്ക് അത് മുഴുമിപ്പിക്കാന്‍ കഴിയാതെ ഇടുന്ന ധാരാളം പേരുണ്ട്. പക്ഷേ അവരും ‘ഓഫീസ് ചെലവു’കള്‍ മുറയ്ക്ക് വഹിക്കണം. അവിടെയാണ് പ്രശ്‌നം. വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ. പൊതുഖജനാവില്‍ നിന്നും നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി മൊത്തം ഭീമമായ തുക പറ്റുന്ന പൊതുമരാമത്ത് വകുപ്പിലെ സെക്രട്ടറിയും എന്‍ജിനീയര്‍മാരും അടക്കമുള്ള ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ അഴിമതി നടത്തുന്നുവെങ്കില്‍ അത് അക്ഷന്തവ്യമായ അപരാധമാണ്. അവര്‍ എത്ര പ്രതിബദ്ധതയോടെ പണിയെടുക്കുന്നു എന്ന് നോക്കിയിരിക്കാന്‍ നാട്ടുകാര്‍ക്ക് ആവില്ലെങ്കിലും പണിക്ക് മാര്‍ക്ക് ചെയ്യുന്നതും ചെക്കിങ് മെഷര്‍മെന്റ് നടത്തുന്നതും പോലുള്ള ചില വിശേഷ അവസരങ്ങളില്‍ ഒഴിച്ച് പണി നടക്കുന്ന തുടര്‍ ദിനങ്ങളില്‍ ചുമതലപ്പെട്ട എഞ്ചിനീയര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും മറ്റും വര്‍ക്ക്‌സൈറ്റില്‍ എത്ര നാളുകള്‍ എത്ര നേരം കാണുന്നുണ്ടെന്ന് നിരത്തുകളിലൂടെ തലങ്ങുംവിലങ്ങും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാട്ടുകാര്‍ക്ക് അറിയാം. വിണ്ടുകീറിയ ഭാഗവും ആഴത്തിലുള്ള കുഴികളും വര്‍ഷാവര്‍ഷം അടക്കുമ്പോള്‍ അതേ കീറലുകളും കുഴികളും അതേ സീസണില്‍ തകകരുന്നത് എങ്ങനെയെന്ന് എം.പി വിശേഷിപ്പിച്ച ‘നെക്‌സസ്’വിശദീകരിക്കേണ്ടതുണ്ട്.
പണി ചെയ്താല്‍ കോണ്‍ട്രാക്ടര്‍മാരുമായുള്ള എഗ്രിമെന്റ് പ്രകാരം കെട്ടിവച്ച (ഏണസ്റ്റ് മണി) ഫൈനല്‍ ബില്ല് നല്‍കി എത്ര കഴിഞ്ഞാണ് റിലീസ് ചെയ്യാറുള്ളത് എന്നറിയില്ല. ഇവയൊക്കെ കണക്കിലെടുക്കുമ്പോള്‍ കടുത്ത നടപടിയും കനത്ത ശിക്ഷയും ആദ്യവും കൂടുതല്‍ വേണ്ടത് ഉദ്യോഗസ്ഥര്‍മാര്‍ക്കെതിരെയല്ലേ?