കാസര്‍കോട്: പാലായിലെ അട്ടിമറി വിജയം മഞ്ചേശ്വരത്തും ആവര്‍ത്തിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ. ഇന്ന് രാവിലെ കാട്ടുകുക്കെയില്‍ പര്യടനത്തിന് ഇറങ്ങിയ സ്ഥാനാര്‍ത്ഥി ഉത്തരദേശത്തോട് സംസാരിക്കുകയായിരുന്നു.
മഞ്ചേശ്വരത്ത് പഴയ സാഹചര്യമല്ലെന്നും 2006ല്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു നേടിയ വിജയം ഇത്തവണയും ഇടതുമുന്നണി നേടുമെന്നും ശങ്കര്‍റൈ കൂട്ടിച്ചേര്‍ത്തു.
നാട്ടുകാരനായ സ്ഥാനാര്‍ത്ഥി എന്ന പരിഗണന തന്റെ വിജയം ഉറപ്പാക്കുമെന്നും എല്ലാ മേഖലയിലെയും ജനങ്ങള്‍ക്ക് സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാണ് താനെന്ന ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശയപ്രചരണത്തിലൂടെയാണ് പ്രധാനമായും തിരഞ്ഞെടുപ്പിനെ നേരിടുക. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളും തുറന്ന് പറയും. നാട്ടുകാരനായതിനാല്‍ വോട്ടര്‍മാരുടെ നല്ല മനസ് തന്നെ തുണക്കാതിരിക്കില്ല. പാലായില്‍ കണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ഇത് തന്നെയാവും മഞ്ചേശ്വരത്തും ഉണ്ടാവുക. പല ഘടകങ്ങളും എല്‍.ഡി.എഫിന് അനുകൂലമാണ്. സ്ഥാനാത്ഥി പ്രഖ്യാപനം ഉണ്ടായതുമുതല്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണത്തിനാണ് മുന്‍തൂക്കം നല്‍കുക. യു.ഡി.എഫും ബി.ജെ.പിയും പ്രധാന ശക്തികള്‍ തന്നെയാണ്. രണ്ടുപേരെയും തോല്‍പ്പിച്ച് മുന്നേറാന്‍ കഴിയുമെന്ന് ഉത്തമ വിശ്വാസമുണ്ട്-ശങ്കര്‍റൈ വ്യക്തമാക്കി.
കാട്ടുകുക്കെയില്‍ പാര്‍ട്ടി നേതാക്കളുടെയും പ്രധാന പ്രവര്‍ത്തകരുടെയും വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. പിന്നീട് സുബ്രഹ്മണ്യ ക്ഷേത്രത്തിലും കാട്ടുകുക്കെ സ്‌കൂളിലും ചെന്നു. ഇന്നലെ പുത്തിഗെ മുഹിമ്മാത്ത് അടക്കമുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.