കാഞ്ഞങ്ങാട്: ചെറുപുഴയിലെ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ ആത്മഹത്യക്ക് കാരണമായ കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ അധ്യാപകന് സസ്‌പെന്‍ഷന്‍. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍പെട്ട പാലാവയല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ അധ്യാപകന്‍ റോഷി ജോസിനെയാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് റോഷി ജോസിനെ സസ്‌പെന്റ് ചെയ്യാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്തത്. ഇതിന് ഡയറക്ടര്‍ അംഗീകാരം നല്‍കിയതോടെ റോഷിജോസിനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്യുകയായിരുന്നു. അഴിമതിക്കേസിന് പുറമെ ആത്മഹത്യാപ്രേരണക്കും റോഷിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അധ്യാപകന്‍ സര്‍വീസില്‍ തുടരുന്നത് ശരിയല്ലെന്നായിരുന്നു ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരുടെയും അഭിപ്രായം.