ബദിയടുക്ക: കളഞ്ഞു കിട്ടിയ ഒന്നേക്കാല്‍ ലക്ഷം രൂപ ഉടമയെ തിരിച്ചേല്‍പ്പിച്ച് വെല്‍ഡിംഗ് ഷോപ്പ് ഉടമയും സുഹൃത്തുക്കളും സത്യസന്ധത തെളിയിച്ചു. നാരമ്പാടിയിലെ വെല്‍ഡിംഗ് ഷോപ്പുടമ ഗോസാലയിലെ പ്രവീണ്‍ കുമാര്‍ കാസ്റ്റ, സുഹൃത്തുക്കളായ നവീന്‍, സുധാകരന്‍ എന്നിവര്‍ക്കാണ് പണം കളഞ്ഞു കിട്ടിയത്. റോഡരികില്‍ വീണുകിടക്കുകയായിരുന്ന പ്ലാസ്റ്റിക് കൂട് പരിശോധിച്ചപ്പോഴാണ് ഒന്നര ലക്ഷം രൂപയും മൊബൈല്‍ ഫോണും കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ നമ്പറില്‍ അടിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു.
ഇതേ തുടര്‍ന്ന് പ്രവീണ്‍ കുമാര്‍ കാസ്റ്റയും സുഹൃത്തുക്കളും പണവും മൊബൈല്‍ ഫോണും ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബദിയടുക്ക മുകളിലെ ബസാറിലെ ഫര്‍ണീച്ചര്‍ ഷോപ്പുടമയും നാരമ്പാടിയിലെ പുളിത്തടി സ്വദേശിയുമായ ഉബൈദിന്റെ പണവും മൊബൈലുമാണ് നഷ്ടമായതെന്ന് വ്യക്തമായി. ഉബൈദ് ഓടിച്ചു പോകുകയായിരുന്ന മോട്ടോര്‍ സൈക്കിളില്‍ നിന്നാണ് പണവും മൊബൈലുമടങ്ങുന്ന പ്ലാസ്റ്റിക് കൂട് തെറിച്ച് വീണത്. ഉബൈദിന് പണവും മൊബൈലും പൊലീസ് സാന്നിധ്യത്തില്‍ പ്രവീണ്‍ കുമാറും സുഹൃത്തുക്കളും കൈമാറി.