കാസര്‍കോടിന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറത്ത് പ്രശസ്തിയുടെ ചിറക് വിടര്‍ത്തി കേരളം മുഴുവനും കേളിപ്പെട്ട സാഹിത്യകാരനാണ് ഇബ്രാഹിം ബേവിഞ്ച. ബേവിഞ്ചയുടെ നീരീക്ഷണങ്ങളും മൗലികമായ പണ്ഡിതോചിത വീക്ഷണങ്ങളും ഗഹനതയാര്‍ന്ന പല പഠനഗ്രന്ഥങ്ങളിലും സൂചകമായി ഉദ്ധരിക്കപ്പെട്ടു. പല പി.എച്ച്.ഡി പ്രബന്ധങ്ങളുടെ അടിക്കുറിപ്പുകളിലും ബിബ്‌ളിയോഗ്രഫിയിലും ബേവിഞ്ച അതോറിറ്റിയായി ഉള്‍പ്പെടുത്തപ്പെട്ടു. ബേവിഞ്ചയുടെ പത്തിലധികം കൃതികളെ ആധാരമാക്കി ഒരു പ്രസാധക കമ്പനി ഒരു പഠനഗ്രന്ഥം തന്നെ പ്രസിദ്ധപ്പെടുത്തി. സി.ടി. ബഷീറായിരുന്നു ഗ്രന്ഥകര്‍ത്താവ്. കെ.എം അഹ്മദ് കഴിഞ്ഞാല്‍ ഉബൈദോര്‍മ്മകള്‍ കാസര്‍കോടന്‍ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമാക്കി നിലനിര്‍ത്തിയത് ഇബ്രാഹിം ബേവിഞ്ചയാണ്.
രണ്ടുമൂന്ന് ഗ്രന്ഥങ്ങളില്‍ കൂടിയും നിരവധി ലേഖനങ്ങള്‍ മുഖാന്തിരവും ഉജ്ജ്വമായ പ്രഭാഷണ പരമ്പരകള്‍ വഴിയും. ആര്യോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇന്നും ബേവിഞ്ച കാസര്‍കോടന്‍ സാഹിത്യാന്തരീക്ഷത്തിലെ സജീവ ചൈതന്യമാണ്. സാന്നിദ്ധ്യം കൊണ്ടും അസാന്നിദ്ധ്യം കൊണ്ടും.
ഇനി നമുക്ക് മുട്ടത്തുവര്‍ക്കിയിലേയ്ക്ക് വരാം. ആരാണ് മുട്ടത്തുവര്‍ക്കി? സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ വര്‍ക്കിയെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ‘മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനാണ് മുട്ടത്തുവര്‍ക്കി. മധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വര്‍ക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവല്‍ക്കരിച്ചത്. ‘സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവര്‍ക്കിയാണെന്നും മുട്ടത്തു വര്‍ക്കിയെ വായിച്ചതിന് ശേഷമാണ് മലയാളി തകഴിയിലേക്കെത്തിയതെന്നും’ എന്‍.വി. കൃഷ്ണവാര്യര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘
മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വര്‍ക്കി’എന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.’
പൈങ്കിളി സാഹിത്യമെന്ന് അല്‍പം പരിഹാസത്തോടെ വിളിക്കപ്പെട്ട ജനപ്രിയ സാഹിത്യത്തിന് മലയാളത്തില്‍ തുടക്കമിട്ടത് മുട്ടത്തുവര്‍ക്കിയാണ്. പിന്നീട് കാനം ഈ.ജെ, വല്ലച്ചിറ മാധവന്‍ തുടങ്ങിയവരിലൂടെ ജനപ്രിയ സാഹിത്യം സാധാരണ മലയാള വായനക്കാരെ വളരെ വേഗം സ്വാധീനിക്കുകയായിരുന്നു. മനോരമ, മംഗളം തുടങ്ങിയ പ്രസീദ്ധീകരണങ്ങളുടെ ശൈലീമാറ്റത്തിനും മുട്ടത്തുവര്‍ക്കി ഇഫക്ട് കാരണമായി. പൈങ്കിളി സാഹിത്യമെന്ന പേര് പോലും ഉരുവം കൊണ്ടത് മുട്ടത്തുവര്‍ക്കിയുടെ പ്രസിദ്ധ നോവലിന്റെ പേരായ പാടാത്ത പൈങ്കിളിയില്‍ നിന്നാവാം. (എന്റെ തോന്നല്‍). മുട്ടത്തുവര്‍ക്കിയെ ഏറ്റവും നന്നായി വിലയിരുത്തിയത് വര്‍ക്കി തന്നെയാണ്. ‘എനിക്ക് ഒരു ടോല്‍സ്‌റ്റോയിയോ ദസ്തയേവ്‌സ്‌കിയോ ആകാന്‍ കഴിയില്ല. എനിക്കു മുട്ടത്തു വര്‍ക്കി ആകാനേ കഴിയുകയുള്ളൂ. ഞാന്‍ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകള്‍ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടും കുന്നുമെല്ലാം മുഷിഞ്ഞ കവര്‍ച്ചട്ടയുമായി കേരളത്തിലെ വായനശാലകളില്‍ സജീവമാണ്. എനിക്ക് അതു മതി.’
തുകയുടെ കനം കൊണ്ട് ആദരിക്കപ്പെടുന്ന പുരസ്‌കാരമാണ് മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ നല്‍കുന്ന മുട്ടത്തുവര്‍ക്കി അവാര്‍ഡ്. 3333 രൂപയില്‍ തുടങ്ങിയ അവാര്‍ഡ് തുക അമ്പതിനായിരത്തിലെത്തി നില്‍ക്കുന്നു. ഒ.വി.വിജയന്‍ മുതല്‍ ബെന്യമിന്‍ വരെ ഇരുപത്തെട്ടുപേര്‍ ഈ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
എണ്‍പത്തിയാറു നോവലുകള്‍ ആണ് മുട്ടത്തുവര്‍ക്കി പ്രസിദ്ധപ്പെടുത്തിയത്. മൊത്തം കൃതികളുടെ എണ്ണം ഇരുന്നൂറ്. മുട്ടത്തുവര്‍ക്കിയുടെ ഇരുപത്തിയാറ് നോവലുകള്‍ സിനിമകളായി. ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാനാര്‍ത്ഥി സാറാമ്മയും കരകാണാക്കടലും കോട്ടയം കുഞ്ഞച്ചനും വര്‍ക്കിയുടെ തൂലികയില്‍ നിന്നും പിറന്നതാണ്.
വെറുതെ ഞാന്‍ കാസര്‍കോട് മുനിസിപ്പല്‍ ലൈബ്രററിയുടെ പുസ്തകവിവര പട്ടികയില്‍ മുട്ടത്തുവര്‍ക്കിയെ തിരഞ്ഞു. അതിശയം. ഇപ്പോഴും താഴെ പറയുന്ന പുസ്തകങ്ങള്‍ ലിസ്റ്റിലുണ്ട്.
ആറാം പ്രമാണം,
കരകാണാകടല്‍,
പാടാത്ത പൈങ്കിളി,
പട്ടുതൂവാല,
മയിലാടും കുന്ന്,
വഴിതെറ്റി വന്ന മലാഖ,
കാസര്‍കോട്ടെ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഒമ്പതാം തരം. മിടുക്കരായ ധാരാളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും. ഭാഷയുടെയും സാഹിത്യത്തിന്റെ മര്‍മ്മറിഞ്ഞ് പഠിപ്പിക്കുന്ന മലയാളം അധ്യാപകന്‍. ഒരു ദിവസം അദ്ധ്യാപകന്‍ കുട്ടികളോട് നിര്‍ദ്ദേശിച്ചു. നിങ്ങള്‍ വായിച്ച ഒരു പുസ്‌കത്തെപ്പറ്റി ആസ്വാദനമെഴുതി സമര്‍പ്പിക്കുക. ഗുരുവിന്റെ ആജ്ഞ ശിരസ്സാ വഹിച്ച് വിദ്യാര്‍ത്ഥികള്‍ ആസ്വാദനമെഴുതി സമര്‍പ്പിച്ചു. മുഴുവന്‍ കുട്ടികളുടെ ആസ്വാദനങ്ങളും അധ്യാപകന്‍ വിലയിരുത്തലിനായി കൊണ്ടുപോയി. പതിവുപോലെ ഏതാനു ദിവസം സംഭവരഹിതമായി കടന്നുപോയി. ഒരു ദിവസം മലയാളധ്യാപകന്‍ കുട്ടികളുടെ ആസ്വാദനമെഴുതിയ കടലാസ് കെട്ടുമായി ക്ലാസില്‍ വന്നു. കുട്ടികളെ പേര് പറഞ്ഞു വിളിച്ചു. കുട്ടികള്‍ക്ക് അവരവര്‍ എഴുതിയ ആസ്വാദന പ്രബന്ധങ്ങള്‍ തിരിച്ചുകൊടുത്തു. പ്രബന്ധങ്ങളുടെ മാര്‍ജിനില്‍ അധ്യാപകന്റെ വിലയിരുത്തലുകള്‍ രേഖപ്പെടുത്തിയിരുന്നു. നല്ലത്, ശരാശരി, നിലവാരം പോര. എന്നൊക്കയാവാം വിലയിരുത്തലുകള്‍. എല്ലാവര്‍ക്കും ആസ്വാദനമെഴുതിയ കടലാസ് ചുരുള്‍ കൈമാറി. പക്ഷേ ഒരു വിദ്യാര്‍ത്ഥിക്കു മാത്രം. പേപ്പര്‍ തിരിച്ചു കിട്ടിയില്ല. ആ വിദ്യാര്‍ത്ഥി വളരെ ആകുലപ്പെട്ടു. മറ്റു വിദ്യാര്‍ത്ഥികളും അവനെ ശ്രദ്ധിച്ചു. അവര്‍ക്കും ആകാംക്ഷ. എന്താണ് ഇവനുമാത്രം പ്രബന്ധം തിരിച്ചു കൊടുക്കാതിരിക്കാന്‍ കാരണം. ക്ലാസില്‍ കനത്ത മൗനം. സമയം മൗനത്തിന്റെ വീല്‍ചെയറില്‍ ഇഴഞ്ഞു. മലയാളധ്യാപകന്‍ പ്രബന്ധം തിരിച്ചു നല്‍കാത്ത വിദ്യാര്‍ത്ഥിയെ അടുത്തു വിളിച്ചു. വിദ്യാര്‍ത്ഥി മെല്ലെ നടന്നു സാറിന്റെ അടുത്തുപോയി നിന്നു. നേരത്തെ തിരിച്ചു നല്‍കാത്ത പ്രബന്ധം പുറത്തെടുത്തു. ഒരിക്കല്‍ കൂടി പ്രബന്ധത്തില്‍ കണ്ണോടിച്ചു. എന്നിട്ട് ക്ലാസിലെ മുഴുവന്‍ കുട്ടികളെയും അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഈ പ്രബന്ധം വളരെ നന്നായിരിക്കുന്നു. സാഹിത്യഗുണമാര്‍ന്ന രചനാരീതി. ഇതില്‍ ആസ്വാദനമുണ്ട്. അപഗ്രഥനവൈഭവമുണ്ട്. വിമര്‍ശനമുണ്ട്. വാക്കുകളുടെ തിരഞ്ഞെടുപ്പും ശൈലിയും പ്രശംസാര്‍ഹമാണ്. ബാക്കിയുള്ള എല്ലാ കുട്ടികളും ഈ പ്രബന്ധം മാതൃകയാക്കേണ്ടതാണ്. തന്റെ അടുത്തു നിന്ന വിദ്യാര്‍ത്ഥിയോടു തന്നെ പ്രബന്ധം വായിച്ചുകേള്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥി വായന തുടങ്ങി.
വിദ്യാര്‍ത്ഥി ആസ്വാദനത്തിന് അവലംബമാക്കിയ കൃതി: മുട്ടത്തുവര്‍ക്കിയുടെ പട്ടുത്തൂവാല.
വിദ്യാര്‍ത്ഥി: സാക്ഷാല്‍ ഇബ്രാഹിം ബേവിഞ്ച.
മലയാളം അദ്ധ്യാപകന്‍. സാഹിത്യകാരനും പ്രഭാഷകനുമൊക്കെയായ പി.അപ്പുക്കുട്ടന്‍. മുട്ടത്തുവര്‍ക്കിയുടെ പട്ടുത്തൂവാലയുടെ ആസ്വാദനത്തോടെ ഒരു എഴുത്തുകാരന്‍ ജനിച്ചു.