കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ജില്ല ആതിഥേയത്വം വഹിക്കുമ്പോള്‍ മോഹനന്‍ വക്കീലിന് ഓര്‍ക്കാന്‍ ഒരു റെക്കോര്‍ഡുണ്ട്. ഒരു സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം തന്നെ സ്റ്റേ ചെയ്യിച്ച് വിദ്യാഭ്യാസ വകുപ്പിനെ മുള്‍മുനയില്‍ നിര്‍ത്തിയ അഭിഭാഷകനും മികച്ച പ്രാസംഗികനുമായ വെള്ളിക്കോത്തെ കെ.മോഹനനാണ് കലോത്സവം കാഞ്ഞങ്ങാട്ടെത്തുമ്പോള്‍ എഴുപതുകളിലേക്ക് ഓര്‍മ്മകളെ എത്തിക്കുന്നത്. 1977 ല്‍ എറണാകുളത്തു നടന്ന പതിനേഴാമത് സ്‌കൂള്‍ യുവജനോത്സവമാണ് മോഹനന്‍ ഒരു ദിവസത്തേക്ക് സ്റ്റേ ചെയ്യിപ്പിച്ചത്. കാവ്യകേളി, പ്രസംഗം എന്നീ മത്സരങ്ങളില്‍ ദുര്‍ഗ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്ന് സംസ്ഥാന മേളയില്‍ മത്സരിക്കുവാന്‍ അര്‍ഹതയും നേടി.
സംസ്ഥാനത്തക്കുള്ള എന്‍ട്രി ലിസ്റ്റ് അയക്കുകയും ചെയ്തു. എന്നാല്‍ യുവജനോത്സവത്തിന് രണ്ട് നാള്‍ മുമ്പാണ് മോഹനന്റെ പേര് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ കൂട്ടത്തിലില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയുന്നത്.
വിവരമറിഞ്ഞ മോഹനന്‍ സങ്കടപ്പെടുന്നത് കണ്ട അച്ഛന്‍ പുറവങ്കര കുഞ്ഞമ്പു നായര്‍ മകനെ എങ്ങനെയെങ്കിലും മത്സരത്തില്‍ പങ്കെടുപ്പിക്കണമെന്ന വാശിയിലായി. സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ട് നിയമ നടപടികളെക്കുറിച്ചാലോചിച്ചു. അങ്ങനെ കാഞ്ഞങ്ങാട്ടെ പ്രമുഖ അഭിഭാഷകന്‍ എച്ച്. ലക്ഷ്മണ അയ്യരെ കണ്ട് നിയമ നടപടികള്‍ക്കുള്ള സഹായം അഭ്യര്‍ത്ഥിച്ചു. ഒന്നും ആലോചിക്കാതെ ലക്ഷ്മണ അയ്യര്‍ രേഖകളുമായി ഹൈക്കോടതിയിലെത്തി. യുവജനോത്സവം തുടങ്ങുന്നതിനു തലേ ദിവസം സ്റ്റേ ഓര്‍ഡര്‍ സമ്പാദിച്ചു. യുവജനോത്സവം തന്നെ സ്റ്റേ ചെയ്യുകയാണുണ്ടായത്. ഇതറിഞ്ഞ വിദ്യാഭ്യാസ വകുപ്പധികൃതര്‍ മോഹനന്റെ പ്രശ്‌നം അടിയന്തിരമായി ചര്‍ച്ച ചെയ്ത് മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പൊളിച്ചെഴുതി.
ഹൈക്കോടതിയില്‍ വിവരം അടിയന്തിരമായി അറിയിച്ചു. ഇതേ തുടര്‍ന്ന് രാവിലെ ആരംഭിക്കേണ്ടിയിരുന്ന യുവജനോത്സവം ഉച്ചയ്ക്ക് ശേഷം തുടങ്ങി.
കാവ്യകേളിയില്‍ മോഹനന് എ ഗ്രേഡോെടെ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. വൈലോപ്പിള്ളി ശ്രീധര മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ വിധികര്‍ത്താക്കളായി നടന്ന മത്സരത്തില്‍ പങ്കെടുക്കാനായതിന്റെ അഭിമാനം ഇന്നും മാേഹനന്‍ മനസില്‍ കൊണ്ടു നടക്കുകയാണ്.