കാസര്‍കോട്: മുപ്പത് സെന്റ് സ്ഥലത്തിന് വേണ്ടി അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകനെ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ചൗക്കി ആസാദ് നഗറിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്‍ അനില്‍കുമാറിനെ (38)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ജഡ്ജി ടി.കെ നിര്‍മ്മല ജീവപര്യന്തം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. അനില്‍ കുമാറിനെ കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2015 മെയ് 18ന് ഉച്ചയോടെ കുമ്പള ബസ് സ്റ്റാന്റിന് സമീപത്തെ നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന പത്മാവതിയെ മകന്‍ അനില്‍കുമാര്‍ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അന്നത്തെ കുമ്പള സി.ഐ ആയിരുന്ന സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അഞ്ച് ദൃക്‌സാക്ഷികളടക്കം 23 സാക്ഷികളെയാണ് ഈ കേസില്‍ വിസ്തരിച്ചത്. സാക്ഷികളാരും കൂറുമാറിയില്ലെന്ന സവിശേഷതയും ഈ കേസിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി കെ. ബാലകൃഷ്ണനും പ്രതിക്ക് വേണ്ടി ക്രിമിനല്‍ അഭിഭാഷകന്‍ ഐ.വി പ്രമോദും ഹാജരായി.