1980-81 കാലത്ത് ഞങ്ങളുടെ നാടകസംഘം വിപുലമായിരുന്നു. ‘സ്വപ്‌നം’, ‘സെര്‍ച്ച് ലൈറ്റ്’ ‘ചുഴി’ അടക്കം നിരവധി നാടകങ്ങളില്‍ കെ.എം. അഹ്ദും നടന്‍ ആയിരുന്നു. നാടകം കളിച്ചു എന്ന് വമ്പു പറയാനല്ല; അഹ്മദിന് നാടകം വല്ലാത്ത ഹരമായിരുന്നു. എനിക്കൊരിക്കലും മറക്കാനാവാത്ത നിമിഷമുണ്ട്. 1979 മാഹി മഹാത്മാഗാന്ധി കോളേജിന് ഞാനൊരു നാടകം ഇന്റര്‍ സോണ്‍ മത്സരങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കി. പ്രാഥമിക റൗണ്ടില്‍ രണ്ടാം സ്ഥാനത്തായിരുന്നു ‘മണി’ എന്ന നാടകം. അക്കാലത്ത് എന്റെ സ്വന്തം രചനകളിലൊക്കെ ഒരു ‘ണ’യുണ്ടാകും. നെന്മണികള്‍, പൂമണികള്‍, മണി ഇങ്ങനെ എത്രയോ ലഘുനാടകങ്ങള്‍. പ്രിയ സുഹൃത്ത് ടി.എ.ഇബ്രാഹിമിന്റെ വധുവിന്റെ പേര് മണി എന്നാണ് ഞാന്‍ അറിയുന്നത്. ആ കുട്ടിയെ ഞാന്‍ ആദ്യം കേള്‍ക്കുന്നതും ‘മണി’ നാടകരചനയുടെ നാടക നാളുകളിലാണ്. ഇന്റര്‍ സോണ്‍ മത്സരങ്ങളില്‍ ‘മണി’ ഒന്നാംസ്ഥാനത്തെത്തി. കോഴിക്കോട് സര്‍വ്വകലാശാലയുടെ കീഴിലുള്ള അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ എന്റെ ‘മണി’ക്കെതിരെ മത്സരത്തില്‍ ഉണ്ടായിരുന്നു. മണിക്ക് ഒന്നാം സ്ഥാനവും സ്‌കൂള്‍ ഓഫ് ഡ്രാമ നാടകമായ ‘ഉടുക്ക്’രണ്ടാം സ്ഥാനത്തുമെത്തി. ഇന്നത്തെ നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രനായിരുന്നു ‘ഉടുക്കി’ന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ബാലന്‍ അതിലൊരു നടനുമായിരുന്നു. 1979ലെ മറക്കാനാവാത്ത ആ നിമിഷം ‘മണി’യുടെ സമ്മാന ലബ്ധിയല്ല. തലശ്ശേരി സ്റ്റേഡിയം ഗ്രൗണ്ടില്‍ ലക്ഷത്തിനടുത്ത് പ്രേക്ഷകര്‍. ഒരു തൂവാല താഴെ വീണാല്‍ പോലും ശബ്ദം തിരിച്ചറിയാം. എസ് ഗുപ്തന്‍ നായരുടെ മകന്‍ അന്ന് കോഴിക്കോട് ദേവഗിരി കോളേജില്‍ അധ്യാപകനാണ്. ശശിഭൂഷണ്‍. അദ്ദേഹം എന്നെ നിര്‍ബന്ധിച്ച് ആ മഹാ ജനക്കൂട്ടത്തിന് തിരിച്ചറിയാന്‍ പാകത്തില്‍ എന്നെ ഒന്നാം നിലയിലേക്ക് സ്വീകരിച്ചാനയിച്ചു. കോളര്‍ ഇല്ലാത്ത ജൂബ അരക്കൈ ഷര്‍ട്ട് അക്കാലം ട്രെന്റ് ആക്കിയത് ക്യാമ്പസുകളില്‍ ഞാനായിരുന്നു. മണിയുടെ സംവിധായകന്‍ എന്ന നിലയ്ക്ക് സകല കണ്ണുകളും എന്നിലാണ്. ഇടയ്ക്ക് ആള്‍ക്കൂട്ടത്തില്‍ നിന്നൊരു ‘ഹനീഫാ…’ വിളി. ഞാന്‍ നോക്കുമ്പോള്‍ ആ ജനക്കൂട്ടത്തിനു നടുവില്‍ ഒരു കസേര പോലും കിട്ടാതെ കെ.എം.അഹ്മദ് ഉന്തിത്തള്ളി കഷ്ടപ്പെട്ട് നില്‍ക്കുകയാണ്. വളണ്ടിയര്‍മാരെ വിളിച്ച് അഹ്മദിനെ എന്റെ അടുത്തേക്ക് കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. ‘നിന്റെ നാടകത്തിനാണ് ഒന്നാം സ്ഥാനം എന്ന് കണ്ണൂര്‍ മാതൃഭൂമിയില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ പുറപ്പെട്ടതാണ്’ എന്റെ കണ്ണുകള്‍ ഞാന്‍ അറിയാതെ നിറഞ്ഞു പോയി. ഈ മനുഷ്യന്‍ എനിക്ക് ആരാണ് എന്റെ മനസ്സാക്ഷിയോട് ഞാന്‍ അറിയാതെ ചോദിച്ചു പോയി. സമ്മാനാര്‍ഹമായ കലാപരിപാടികള്‍ വീണ്ടും അവതരിപ്പിക്കുന്നു. ഞാന്‍ സ്വയം പുളകിതനാവുകയല്ല. ഒരു ചൈനീസ് നാടോടി കഥയെ പിന്‍പ്പറ്റി മഹാകവി വൈലോപ്പിള്ളി രചിച്ച ‘അത്ഭുതമണി’ എന്ന കവിതയെ ആധാരമാക്കിയാണ് മണി നാടകം ഞാന്‍ രചിച്ചത്. സ്‌ക്രിപ്റ്റ് എന്ന നിലയ്ക്ക് മണി അത്ര കേമമല്ല. പക്ഷേ; മണിയുടെ അവതരണ ശൈലി അന്നോളം മലയാളത്തിന് പരിചയമില്ലാത്ത ഒന്നായിരുന്നു. കോറസിനെ മാത്രം ഉപയോഗിച്ച് കൊട്ടാരവും കാടും പര്‍വ്വത പംക്തികളും സൃഷ്ടിച്ച രംഗഭാഷ. മണിയുടെ ദീപ വിതാനത്തിന് ദില്ലി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നിരഞ്ജന്‍ഷാ വന്നതും നല്ല ഓര്‍മ്മ. (നിരഞ്ജന്‍ 91 ല്‍ ഒരു വാഹനാപകടത്തില്‍ മിസോറാമില്‍ മരണപ്പെട്ടു) നാടകം കഴിഞ്ഞതും അഹ്മദ് എന്നെ പുണര്‍ന്നു. പുലര്‍ച്ചെയായി. 10 മണിക്ക് മാഹി കോളേജില്‍ എനിക്കും നാടകസംഘാംഗങ്ങള്‍ക്കും സ്വീകരണമുണ്ട്. അഹ്മദ് അതിന് കാത്തു നില്‍ക്കാതെ പുലര്‍ച്ചെ മടങ്ങി. ഇതൊന്നും വിശദീകരിക്കാനല്ല ഈ അധ്യായം തുടങ്ങിയത്. ഞങ്ങളുടെ നാടക സംഘത്തിന് കാസര്‍കോട്ട് പലതും ചെയ്യാന്‍ പറ്റി.
മുഹമ്മദ് കുഞ്ഞി മാഷോട് കാസര്‍കോട്ട് വന്ന് നാടകം കളിക്കാന്‍ ഉള്ള കൊതി ഞാന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. മുഹമ്മദ് കുഞ്ഞിയുടെ പ്രതികരണം നെഗറ്റീവ് ആയിരുന്നു. കാസര്‍കോട്ട് ഇന്ന് ഊഷരമാണെന്നും ജില്ലാ കലക്ടര്‍ ഇടപെട്ട് ആരംഭിച്ച പ്രതിമാസ നാടക പരിപാടി പോലും തുടരാന്‍ നിവൃത്തി ഇല്ല എന്നും അദ്ദേഹം കുറിച്ചു. ഹൃദയവേദനയോടെ ഞാന്‍ ആ ഊഷര ഭൂമിയില്‍ 1967 മുതല്‍ 1983 വരെ വിത്ത് വിതച്ചത് ഓര്‍ത്തു. ഞാന്‍ ഉള്‍പ്പെടെ സംഘത്തിലുള്ളവര്‍ ഭൗതികമായി ഒന്നും നേടിയില്ല. പുത്തന്‍ ഡിസൈനില്‍ വീട് പണിതില്ല. വിദേശയാത്ര നടത്തിയില്ല. സാംസ്‌കാരിക നായകന്‍ തൊപ്പി ധരിക്കാന്‍ ആരെയും കാല്‍വെച്ച് വീഴ്ത്തിയില്ല. ഞാന്‍ ഈ പറഞ്ഞ കാലത്ത് ഒരു വര്‍ഗ്ഗീയ ലഹളയും കാസര്‍കോട്ടുണ്ടായില്ല. സംസ്‌കാരം കൊണ്ടും കൊടുത്തും ജനം ജീവിച്ചു. മാസത്തില്‍ പത്തു ദിവസമെങ്കിലും നാടകം, സാഹിത്യ പരിപാടികള്‍… ഹൊ ഓര്‍ക്കുമ്പോള്‍ കുളിരു കോരുന്നു. കനക പ്രവാഹങ്ങളുടെ ദിവസങ്ങള്‍ ആയിരുന്നതിനാല്‍ കാശിനും മുട്ടും ഉണ്ടായില്ല. സാംസ്‌കാരിക പരിപാടികള്‍ക്ക് എത്ര കാശ് വേണമെങ്കിലും തരാന്‍ ഒട്ടേറെ പേരുണ്ടായിരുന്നു. സാമ്പത്തികസ്ഥിതി പരുങ്ങലില്‍ ആയിട്ടും രാത്രി പോസ്റ്ററൊട്ടിക്കാന്‍ നടക്കുമ്പോള്‍ പാര്‍ക്കര്‍ ഹോട്ടലില്‍ നിന്ന് തന്റെ ചെലവില്‍ ഭക്ഷണം കഴിക്കാന്‍ പൊയക്കര ഹാജിയുടെ ആ പ്രിയപുത്രന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഇങ്ങനെ എത്രയോ സംഭവങ്ങള്‍. നിര്‍ധനനെങ്കിലും സാംസ്‌കാരിക പരിപാടികള്‍ തന്നെ കൊണ്ട് ആവുന്നത് ചെയ്യാന്‍ താളിപ്പടുപ്പിനടുത്ത് ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. ലളിതകലാസദനത്തിലെ വാച്ചര്‍ ആയിരുന്ന വാസുവേട്ടന്‍. ആസ്തമ രോഗം ആയതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഞാന്‍ കാസര്‍കോട്ടുകണ്ടത് വാസുവേട്ടനിലായിരുന്നു. ഉമ്മത്തിന്റെ ഉണങ്ങിയ ഇല പൊടിച്ച് ബീഡിപ്പുകയിലക്കൊപ്പം ഞെരടി നൂലിട്ട് കെട്ടി വലിക്കുന്ന വാസുവേട്ടന്‍ കാസര്‍കോട്ടെ സാംസ്‌കാരിക ബിംബങ്ങളില്‍ ഒന്നായിരുന്നു. 1938-50 കാലങ്ങള്‍ റോഡ് നിറയെ കുതിരവണ്ടികള്‍ തലങ്ങും വിലങ്ങും പാഞ്ഞ കാസര്‍കോട്. ലളിതകലാ സദനം അന്നില്ല. പക്ഷേ; കുതിര വണ്ടിയുമായി വാസുവുണ്ട്.
കാലം പോകവേ കാസര്‍കോട് പരിഷ്‌കാര കുപ്പായങ്ങള്‍ അണിഞ്ഞു. ലളിതകലാ സദനത്തില്‍ ഞാന്‍ അവതരിപ്പിക്കുന്ന നാടകങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ കഴിവതും നേരത്തെ എത്തും. വാച്ചര്‍ ആയതിനാല്‍ വാസു അവിടെ സദാ സജീവം. പോയകാലം പറയുമ്പോള്‍ കുതിരവണ്ടി കാലമാണ് വാസുവിന്റെ വെടി വെട്ടത്തില്‍ നിറയുക. രോഗം ബാധിച്ച തന്റെ കുതിരയെ ചികിത്സിക്കാന്‍ നിരവധി സ്ഥലങ്ങളില്‍ വാസു എത്തി. പിലിക്കോട്ടെ ഒരു മലയന്‍ (തെയ്യം കെട്ടുകാരനും കൂടി ആയിരുന്നു അദ്ദേഹം) മരുന്ന് നിര്‍ദ്ദേശിച്ചു. ചെന്നിനായകം മുട്ടയുടെ വെള്ളയില്‍ ചാലിച്ച് കുതിരയുടെ സന്ധികളില്‍ പുരട്ടി ഉണങ്ങിയ ശീല കൊണ്ട് ചുറ്റുക. ഒരു നേരത്തെ ചികിത്സയ്ക്ക് അരക്കിലോ ചെന്നിനായകം എങ്കിലും വേണം. അക്കാലം മംഗലാപുരം പോയെങ്കിലേ മൊത്തവിക്ക് ചെന്നിനായകം ലഭിക്കൂ. കുതിരവണ്ടിയില്‍ സ്ഥിരം യാത്രക്കാരായ ചില വക്കീലന്മാര്‍ അഞ്ചും പത്തും ഒക്കെ നല്‍കും. ഈ നാടന്‍ ചികിത്സ കുറച്ചൊക്കെ ഫലിച്ചെങ്കിലും കുതിര നാള്‍ പോകവേ ശോഷിച്ചു. ഒടുവില്‍ ഭക്ഷണം എടുക്കാന്‍ പോലും അതിന് ആവതില്ലാതായി. വാസു ഇത് പറയുമ്പോള്‍ തേങ്ങിക്കരഞ്ഞു. ഒരു മൃഗസ്‌നേഹിയുടെ കണ്ണീര്‍ ഞാന്‍ ആദ്യം കാണുകയാണ്… ഒടുവില്‍…!
വാസു അഞ്ചു രൂപ ആവശ്യപ്പെട്ടു. ഞാന്‍ കൊടുത്തു. നെല്ലിക്കുന്നിലെ പട്ടഷാപ്പിലേക്കായിരുന്നു ആ യാത്ര. പിന്നീട് ആ ചരിത്രം വാസു തുടര്‍ന്നതായി എനിക്ക് ഓര്‍മയില്ല. ടി.എ. ഷാഫിയുടെ ദേക്കാഴ്ച ഗ്രന്ഥത്തില്‍ ആ കുതിരയെ വെടിവെച്ചു കൊന്നതായി വാസുവിന്റെ ഭാര്യയെ ഉദ്ധരിച്ച് ഷാഫി പറയുന്നുണ്ട്. ഏതായാലും ലളിത കലാ സദനം വാസു ഒരു നല്ല കഥാപാത്രമായിരുന്നു. എന്‍.എന്‍. പിള്ള പോലും വണ്ടിയിറങ്ങിയാല്‍ ആദ്യം ചോദിക്കുക ‘വാസു എന്തിയേ… ‘