ബദിയടുക്ക: പിതാവ് മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചതോടെ പ്രകോപിതനായ മകന്‍ നാടുവിട്ടു. ഇതോടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ മകനെ കോഴിക്കോട്ട് കണ്ടെത്തിയതായി വിവരം ലഭിച്ചു. കുമ്പഡാജെ അന്നടുക്കയിലെ കുഞ്ഞാലിയുടെ മകന്‍ മുനാവിര്‍ (20) ആണ് നാടുവിട്ടത്. സീതാംഗോളി മാലിക് ദീനാര്‍ കോളേജിലെ ഒന്നാംവര്‍ഷ ബി.എ വിദ്യാര്‍ത്ഥിയായ മുനാവീര്‍ സെപ്തംബര്‍ 26 ന് രാവിലെ 5 മണിക്ക് പിതാവ് കുഞ്ഞാലിയോടൊപ്പം പള്ളിയിലേക്ക് പോയിരുന്നു. 7 മണിയോടെ തിരിച്ചെത്തുകയും ചെയ്തു. ഇതിന് ശേഷം മുനാവിര്‍ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തതോടെ പിതാവ് ഇതിനെ എതിര്‍ക്കുകയും ഫോണ്‍ മാറ്റിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മുനാവിര്‍ അതിന് തയ്യാറാകാതിരുന്നതോടെ കുഞ്ഞാലി മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞുടച്ചു. ക്ഷുഭിതനായ മുനാവിര്‍ രാവിലെ 9 മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു. രാത്രി 8 മണിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ വീട്ടിലുണ്ടായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പിതാവ് കുഞ്ഞാലി ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ മുനാവിര്‍ ഒരാളുടെ ഫോണില്‍ ആലംപാടിയിലെ സുഹൃത്തിനെ വിളിക്കുകയും കയ്യില്‍ പണം തീര്‍ന്ന കാര്യം അറിയിക്കുകയും ചെയ്തു. ഈ വിവരം സുഹൃത്ത് മുനാവിറിന്റെ വീട്ടുകാര്‍ക്ക് കൈമാറി. പൊലീസ് ആലംപാടിയിലെ സുഹൃത്തിന് വന്ന ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മുനാവിര്‍ കോഴിക്കോട്ടുള്ളതായി വ്യക്തമായി. കോഴിക്കോട് കടപ്പുറത്ത് കടല വില്‍പന നടത്തുന്ന ആളുടെ ഫോണില്‍ നിന്നായിരുന്നു കോള്‍ വന്നത്. ബദിയടുക്ക പൊലീസ് നല്‍കിയ വിവരമനുസരിച്ച് കോഴിക്കോട് പൊലീസ് മുനാവിറിനെ കണ്ടെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നു. യുവാവിന്റെ ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്.