കാഞ്ഞങ്ങാട്: യു.ഡി.എഫിന്റെ അവിശ്വാസപ്രമേയത്തെ അതിജീവിച്ച പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ സുബൈദ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഫൗസിയക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസിലെ ടി.കെ സുബൈദ മുസ്ലിംലീഗിലെ പി.സി. ഫൗസിയക്കെതിരെ അവിശ്വാസനോട്ടീസ് നല്‍കിയത് രാഷ്ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സുബൈദയെ വൈസ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് യു.ഡി.എഫിന് തിരിച്ചടി നല്‍കാന്‍ സുബൈദ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍. സജീവന് മുന്നിലാണ് സുബൈദ അവിശ്വാസത്തിനുള്ള നോട്ടീസ് നല്‍കിയത്. അതേ സമയം സുബൈദയുടെ അവിശ്വാസപ്രമേയത്തിന് പിന്നില്‍ സി.പി.എമ്മാണെന്നാണ് ലീഗിന്റെ ആരോപണം. പടന്ന ഗ്രാമപഞ്ചായത്തിലെ പതിനഞ്ചംഗഭരണസമിതിയില്‍ പ്രതിപക്ഷത്തുള്ള സി.പി.എമ്മിന് ആറംഗങ്ങളുടെ പിന്‍ബലമുണ്ട്. സുബൈദ കൂടി ചേര്‍ന്നാല്‍ അംഗസംഖ്യ ഏഴാകും. യു.ഡി.എഫില്‍ നിന്ന് ഒരംഗത്തെ ഒപ്പം നിര്‍ത്താന്‍ സാധിച്ചാല്‍ സുബൈദയുടെ അവിശ്വാസപ്രമേയം വിജയിക്കും. ഇതിനുവേണ്ട തന്ത്രങ്ങള്‍ സി.പി.എം അണിയറയില്‍ ആവിഷ്‌കരിക്കുന്നതായി സംസാരമുണ്ട്. മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്ന സുബൈദ.