കാസര്‍കോട്: കാസര്‍കോട് സബ്ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ കുട്ടികളെ മത്സരിപ്പിക്കുന്നത് വിവാദമാകുന്നു. കാസര്‍കോട് ഗവ. കോളേജിന് പിറകു വശത്തുള്ള ഗ്രൗണ്ടിലാണ് ഇന്ന് രാവിലെ സബ് ജില്ലാ തലത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കുള്ള കായികമേള ആരംഭിച്ചത്. എന്നാല്‍ മത്സരാര്‍ത്ഥികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെ ഒരുക്കിയിട്ടില്ല. ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികളില്‍ പലരും ജേഴ്‌സിപോലും ലഭിക്കാതെ പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ചാണ് കളിക്കുന്നത്. വേനലിന്റെ കാഠിന്യം മൂലം മിക്ക കുട്ടികളും ക്ഷീണിതരാണ്. വിവരമറിഞ്ഞ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ കളി അല്പസമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു. ജേഴ്‌സിയില്ലാത്ത കുട്ടികള്‍ക്ക് ധരിക്കാന്‍ ടീഷര്‍ട്ട് നല്‍കണമെന്നും പൊരിവെയിലില്‍ ഏറെ സമയം മത്സരിപ്പിക്കരുതെന്നും സംഘാടകര്‍ക്ക് ചൈല്‍ഡ്‌ലൈന്‍ നിര്‍ദ്ദേശം നല്‍കി. മത്സരത്തിനുള്ള സൗകര്യത്തിനായി ഗ്രൗണ്ടുകള്‍പോലും ചെത്തി വൃത്തിയാക്കുകയോ അടയാളം രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ക്രിക്കറ്റ് മത്സരം നടക്കുന്നത് കാടുമൂടിയ ഭാഗത്താണ്. അതേ സമയം മത്സരിക്കുന്ന കുട്ടികള്‍ക്കുണ്ടായ ദുരനുഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബന്ധപ്പെട്ടവരാരും തയ്യാറായില്ല. ജില്ലയിലെ വിദ്യാഭ്യാസ അധികൃതരാണ് പെട്ടെന്ന് ഇങ്ങനെയൊരു കായിക മത്സരം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അതിനാല്‍ മുന്നോരുക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്നും ജില്ലാ തല മത്സരം ഉടന്‍ നടക്കുന്നതിനാല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നും മത്സരത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ പറഞ്ഞു. കായികാധ്യാപകര്‍ സമരത്തിലായതിനാല്‍ മേല്‍നോട്ടത്തിന് ഇവരുടെ സഹായം ലഭിക്കാത്തതും പ്രശ്‌നമായെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ ജേഴ്‌സി നല്‍കാതെ മത്സരിപ്പിച്ചതടക്കമുള്ള ബാലാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.