ഏതാണ്ടെല്ലാ കവികളും മനുഷ്യനെ അനുധാവനം ചെയ്യുന്ന മരണത്തെപ്പറ്റി ഓര്‍ക്കുകയും പാടുകയും ചെയ്തിട്ടുണ്ട്.
ചങ്ങമ്പുഴയുടെ രമണന്‍:
‘മാനസം കല്ല് കൊണ്ടല്ലാത്തതായുള്ള
മാനവരാരാനുമുണ്ടെന്നിരിക്കുകില്‍
ഈ കല്ലറതന്‍ ചവിട്ടുപടിയിലൊ-
രല്പമിരുന്ന് കരഞ്ഞേച്ചുപോകണേ
അസ്സൗഹൃദാശ്രുക്കള്‍ കണ്ടുകൊണ്ടെങ്കിലു-
മാശ്വസിക്കട്ടെയൊരീ പ്രേമഗായകന്‍’
മഹാകവി ടി. ഉബൈദിന്റെ മരണം, അധ്യാപകര്‍ക്കുള്ള ഒരു ഇന്‍സര്‍വ്വീസ് കോഴ്‌സില്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നുവല്ലോ? മരണസംബന്ധീയമായ കാര്യം പരാമര്‍ശിച്ചു കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു. മരണസ്മരണ എന്ന തലക്കെട്ടില്‍ ഉബൈദ് ഒരു കവിത എഴുതിയിട്ടുണ്ട്. അതിലെ ഏതാനും വരികള്‍:
‘എന്‍ വയസ്സാറുപത്തോളം
പിന്‍ തുടര്‍ന്നേ നടന്നു നീ
നിന്നെ യോര്‍ത്തീല തെല്ലും ഞാന്‍
ചിന്തയെന്യെ മദിക്കയാല്‍
ഇന്നെന്റെ മുന്‍ വശം വന്നു
നീ തുറിച്ചെന്നെ നോക്കവേ
ഓര്‍ക്കയായ് നശ്വരം ലോകം
ജീവിതത്തിന്റെ പാടുഞാന്‍
നിന്നോടൊപ്പം വരില്ലെന്നു
ചൊന്നതില്ലെത്ര പേരഹോ!
എന്നാലും തെല്ലും തെറ്റാതെ
തിണ്ണം വലിച്ചിഴച്ചു നീ.’
മരണാനന്തരാനുഭൂതിയെപ്പറ്റി എഴുതുന്നതില്‍ കൗതുകം കാണിച്ച പ്രശസ്ത അമേരിക്കന്‍ കവയിത്രി എമിലി ഡിക്കര്‍സന്റെ വരികളുമായി ഉബൈദിന്റെ മേല്‍ വരികള്‍ അടുത്തുനില്‍ക്കുന്നു.
മനുഷ്യന് മരിക്കുന്ന കാര്യത്തെപ്പറ്റി ഓര്‍മ്മിക്കുവാനേ സമയമില്ല. ജഗല്‍സംബന്ധീയങ്ങളായ കാര്യങ്ങളില്‍ മയങ്ങിക്കഴിയുകയാണ്. ഏതായാലും മരണം വരികതന്നെ ചെയ്യും. അപ്പോള്‍ ഞാനും അയാളും (മാലാഖ) അനശ്വരതയും മരണമാകുന്ന മഞ്ചലില്‍ കയറി പറന്നുയരും, എന്ന് ഏകദേശ സാരം.
മമ്പാട് എം.ഇ.എസ് കോളേജില്‍ പഠിച്ചിരുന്ന കാലം. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ എന്റെ മലയാളം അധ്യാപകരിലൊരാളായ ജമാലുദ്ദീന്‍ കുഞ്ഞു സാര്‍ കവിക്ക് നല്‍കാന്‍ ഒരു കത്ത് എന്നെ ഏല്‍പ്പിച്ചു. മൊബൈല്‍ ഫോണ്‍ നിലവില്‍ വന്നിരുന്നില്ല. മാപ്പിള കലാസാഹിത്യ വിഷയങ്ങള്‍ സംബന്ധിച്ച കത്തായിരിക്കാം അത്. അങ്ങനെയാണ് ടി. ഉബൈദ് എന്ന കവിയെ എനിക്ക് കാണുവാനും സംവദിക്കാനും ഹേതുവായത്. ഉബൈദിന്റെ വീട്ടിലെത്തുന്നതിന് മുമ്പു തന്നെ രാജരഥ്യയില്‍ സൗകര്യപൂര്‍വ്വം അദ്ദേഹത്തെ കണ്ടുമുട്ടി. ഓട്ടോറിക്ഷയുടെ ടയര്‍ ഉരഞ്ഞ് കാലില്‍ ക്ഷതം പറ്റിയതിനാല്‍ മരുന്നു വെച്ച് കെട്ടിയിരുന്നു. അതു കൊണ്ട് ഊന്നുവടിക്ക് പകരം കൈയില്‍ ഒരു നീളന്‍ കുട കരുതിയിരുന്നു. മുന്‍ പരിചയമില്ലാത്ത എന്നെ പരിഗണിക്കണമെന്ന ദുഷ്ടലാക്കോടെ ഇന്നയാളുടെ പുത്രനാണെന്നും ഇന്നയാളുടെ പൗത്രനാണെന്നും സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ചെറിയ മുഖവരയോടെ ഞാന്‍ കത്ത് നീട്ടി. പരിചയപ്പെടുത്തല്‍ കേട്ടതും അദ്ദേഹം എന്റെ കൈ പിടിച്ച് വീട്ടിലേക്ക് കൊണ്ട് പോയി. ഉമ്മറത്തു നിന്ന് കയറുന്നത് വലിയ ഒരു ഹാളിലേക്ക്. അവിടെ ഒരു വലിയ മേശയും ഏതാനും കസേരകളും. സോസറോടു കൂടിയ കപ്പില്‍ ചായയും ഒരു തരം രുചികരമായ മിക്ചറും മേശപ്പുറത്തെത്തി. ഒന്നുമല്ലാത്ത ഒരു കോളേജ് പയ്യനെ ഇത്രമേല്‍ ആദരിക്കുമ്പോള്‍ ഞാന്‍ വീര്‍പ്പുമുട്ടി. ഏതാണ്ട് നാല്‍പത് മിനുട്ട് നീണ്ട സംഭാഷണത്തില്‍ എന്റെ ചിന്തക്ക് അന്ന് ദഹിക്കുന്നതും അല്ലാത്തതുമായ പല വിഷയങ്ങളും പൊന്തിവന്നു. സമൂഹത്തിലെ വിഭാഗീയത, വൈരം, സഹജീവകളില്‍നിന്നുള്ള ഉപദ്രവം, മാപ്പിള സാഹിത്യത്തിന്റെ മൂല്യശോഷണം അങ്ങനെയങ്ങനെ പലതും. അന്നു മുതല്‍ക്കാണ് മാപ്പിള സാഹിത്യത്തിലും മാപ്പിളപ്പാട്ടിലും എനിക്ക് കമ്പമുണ്ടായത്.
തന്റെ ജീവിതാനുഭവങ്ങള്‍ പ്രതിഫലിക്കുന്നതും നന്മകള്‍ പ്രസരിക്കുന്നതുമാണ് ഉബൈദ് രചനകളുടെ കാതല്‍. അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും എതിരായി ശക്തമായ ഇടപെടലുകള്‍ നടത്തിയപ്പോള്‍ നാലു ഭാഗത്തുനിന്നും വന്ന എതിര്‍പ്പുകള്‍ കവിയുടെ നിഷ്‌കളങ്ക ഹൃദയത്തെ വേദനിപ്പിച്ചു എന്നത് ‘ഭാഗ്യവാന്‍ ഞാന്‍’ എന്ന കവിതയില്‍ പ്രതിഫലിക്കുന്നുണ്ട്.
‘കൊത്തുക കൊത്തുക വെമ്പാല വീര, നീ
കൊത്തുകെന്‍ ദേഹത്തില്‍ ശക്തിയോടെ !
ഉഗ്രമാം കാകോളമീയെന്‍ സിരകളി-
ലൊക്കെ വ്യാപിച്ചാവൂ ഭംഗ്യമെന്യേ !
എന്നെച്ചുറഞ്ഞു ഞെരിക്കൂ യഥേഷ്ടമേ,
നിന്നുള്ളം സംതൃപ്തി നേടുവോളം
കൊത്തുക, കൊത്തുക, വെമ്പാല വീര, നീ
കൊത്തുകെന്‍ ദേഹത്തില്‍, ഞാന്‍ വിധേയന്‍! ‘
നവോത്ഥാനനായകര്‍ക്കെല്ലാം എതിര്‍പ്പും ദ്രോഹവും നേരിടേണ്ടി വന്നിരുന്നു. സര്‍ സയ്യിദ് അഹ്മദ് ഖാന്റെ നീണ്ട താടിയില്‍ ചീമുട്ട കൊണ്ടഭിഷേകം ചെയ്തു. മുഹമ്മദബ്ദുല്‍ റഹ്മാന്‍ കാസര്‍ക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ ഗോബേക്ക് വിളിച്ചു. ഖാദി മുഹമ്മദ് മുസ്ല്യാര്‍ക്ക് ജനങ്ങളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നു.
1928ല്‍ കുമ്പള മുനീറുല്‍ ഇസ്ലാമില്‍ അധ്യാപനം അനുഷ്ഠിക്കുമ്പോള്‍ തൊട്ടടുത്ത പ്രദേശമായ ആരിക്കാടിയില്‍ താമസിച്ചിരുന്ന പണ്ഡിതശിരോമണിയായ ഖാദി മുഹമ്മദ് മുസ്ലിയാരുമായും (മരണം 1952) അദ്ദേഹത്തിന്റെ അധ്യാപകന്‍മാരായ മക്കളുമായും അടുത്ത സഹവാസത്തിന് കവിക്ക് അവസരമായി. ഖാദി അഗാധജ്ഞാനിയും നിമിഷകവിയും ആയിരുന്നു എന്നതും ഉബൈദിനെ ആകര്‍ഷിച്ച ഘടകങ്ങളാണ്.
പ്രകാശിതമായിട്ടില്ലെങ്കിലും കന്നഡയിലും ഉബൈദ് കവിതകള്‍ രചിച്ചിട്ടുണ്ട്. മുഹമ്മദ് ശെറൂലിനെപ്പറ്റി ഉബൈദ് രചിച്ച കവിതാശകലങ്ങള്‍ കന്നഡ ഭാഷാ പ്രേമിയായ ഷംനാട് സാഹിബിന്റെ ചുണ്ടുകളില്‍ സ്പന്ദിച്ചിരുന്നു. ഷംനാട് സാഹിബിനെപ്പോലെ ഒരാള്‍ പാടുമ്പോള്‍ അതിന്റെതായ തമാശയും ഉണ്ടായിരുന്നു. അതൊക്കെ എഴുതിവെക്കാനുള്ള ദീര്‍ഘദൃഷ്ടിയോ സല്‍ബുദ്ധിയോ അന്നെനിക്കുണ്ടായില്ല.
ശുദ്ധമലയാളത്തില്‍ മാപ്പിളപ്പാട്ട് രചിച്ച് വിജയിച്ച കവിയാണ് ഉബൈദ്. മാനകമലയാള പദങ്ങള്‍ കൈയിലെടുത്ത് കവി അമ്മാനമാടുന്നത് കേരള ഗാനത്തില്‍ കാണാം.
‘ജയിച്ചിടുന്നിതു മാമക ജനനി !
ജയിച്ചിടുന്നിതു കേരള ധരണി !
ഗജത്തിലൊക്കവെ പെരുത്ത തൂവൊളി
പരത്തിടും സുമണി – ഉലകിലെ
ജനതതിയനുദിന മനവധി വിരതികള്‍
പൊഴിച്ചിടും രമണി
മയക്കി വാഴ്‌വൂ പണ്ട്മുതല്‌ക്കേ
മഹീതലത്തെ സ്സുഭഗതയാല്‍ നീ
മതങ്ങളനവധി ഭവത്സവിധമതി
ലിണങ്ങി വാഴുകയായ്; അകലുഷ-
മവതയൊടിത, തവ വരുതിയില്‍ സമയതൊ-
ടൊതുങ്ങി മേവുകയായ്.’