ബദിയടുക്ക: യുവമോര്‍ച്ചാനേതാവിനെതിരെ ഫേസ്ബുക്കിലൂടെ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ നേതാവായ പൈക്കയിലെ അനില്‍ വിത്തടിക്കെതിരെയാണ് ഐ.ടി ആക്ട് പ്രകാരം ബദിയടുക്ക പൊലീസ് കേസെടുത്തത്. യുവമോര്‍ച്ച സംസ്ഥാനകമ്മിറ്റിയംഗം സുനില്‍ പുണ്ടൂരാണ് അനിലിനെതിരെ കോടതിയില്‍ പരാതി നല്‍കിയിരുന്നത്. ഈമാസം മൂന്നിന് പൈക്ക അര്‍ളടുക്കയിലെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് തളിപ്പറമ്പ് കുടിയാന്‍മല സ്വദേശികളായ ബാബു, ശശി, പൈക്ക ചന്ദ്രംപാറയിലെ അശോകന്‍ എന്നിവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. മാലിന്യം നിക്ഷേപിച്ച സംഘത്തില്‍ സുനില്‍ പുണ്ടൂരുമുണ്ടെന്ന തരത്തില്‍ അനില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതാണ് കേസിന് കാരണമായത്.