കാസര്‍കോട്: രാത്രി മൊബൈല്‍ ഫോണില്‍ കളിക്കുന്നതിനിടെ വീട്ടുകാര്‍ വഴക്ക് പറഞ്ഞതില്‍ പ്രകോപിതനായി വിഷം കഴിച്ച 19കാരന്‍ മരിച്ചു. തമിഴ്‌നാട് മധുരൈ പാറപ്പട്ടിയിലെ സിങ്കം-സെല്‍വി ദമ്പതികളുടെ മകന്‍ നാഗരാജ്(19)ആണ് മരിച്ചത്. ഇവര്‍ 15 വര്‍ഷത്തോളമായി മംഗളൂരു പുഞ്ചല്‍കട്ടയില്‍ ബേക്കറി നടത്തിവരികയായിരുന്നു. ഏതാനും ദിവസം മുമ്പാണ് നാഗരാജ് വിഷം കഴിച്ചത്. തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രാത്രി ഏറേ നേരം മൊബൈല്‍ ഫോണില്‍ കളിക്കുന്നത് പതിവായതോടെയാണത്രെ അമ്മ വഴക്ക് പറഞ്ഞത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് കാസര്‍കോട്ടെത്തിയപ്പോള്‍ നാഗരാജ് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. പ്രഭാകരന്‍, പാണ്ടിദുരൈ, പ്രഭ എന്നിവര്‍ സഹോദരങ്ങളാണ്.