കാസര്‍കോട്: തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ സന്ദേശവുമായി ആത്മീയചൈതന്യത്തിന്റെ രാപ്പകല്‍ സമ്മാനിക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. ദേവീക്ഷേത്രങ്ങളടക്കം ഇനി ആഘോഷങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും സങ്കീര്‍ത്തനങ്ങളുടെയും നാളുകള്‍. മധൂര്‍ കാളികാംബാമഠത്തില്‍ ഒക്ടോബര്‍ 8 വരെ നവരാത്രി ആഘോഷം നടക്കും. പുരാണപ്രവചനം, ചണ്ഡികാഹോമം, യക്ഷഗാനബലയാട്ടം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായുണ്ടാകും. ആറിന് നടക്കുന്ന ധാര്‍മികസഭയില്‍ കാളഹസ്‌തേന്ദ്ര സരസ്വതി മഹാസ്വാമി ആശിര്‍വചനം നടത്തും. ആദൂര്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഏഴുവരെയാണ് ആഘോഷം. ലക്ഷദീപോത്സവം ഉണ്ടാകും. പേട്ടെ ശ്രീ വെങ്കിട്ടരമണ ക്ഷേത്രത്തില്‍ എട്ടുവരെ നവരാത്രി മഹോത്സവം നടക്കും. മുളിയാര്‍ കുഞ്ചരക്കാനു ശ്രീദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ യക്ഷഗാന താളമദ്ദളം, യോഗനൃത്തം, നൃത്ത്യപരിപാടി, ഗാനവൈഭവം, സുഗമസംഗീതം, നൃത്ത്യസംഭ്രമ, ഭക്തിഗീതം എന്നിവയുണ്ടാകും. കാസര്‍കോട്ട് കൊറക്കോട് ദേവീക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളുണ്ട്.