കാസര്‍കോട്: ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടി മുന്നോട്ടുപോകുമെന്നും തന്റെ വിജയം സുനിശ്ചിതമാണെന്നും മഞ്ചേശ്വരം നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാര്‍. ബി.ജെ.പിയിലെ തര്‍ക്കം ആദ്യഘട്ടത്തിലെ വികാരപ്രകടനം മാത്രമാണെന്നും ഇത് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ഞായറാഴ്ച വൈകിട്ടോടെയാണ് രവീശതന്ത്രി കുണ്ടാറിന്റെ പേര് പ്രഖ്യാപിച്ചത്. ഒരു ജില്ലാ നേതാവിന് വേണ്ടി മണ്ഡലത്തിലെ നേതാക്കളില്‍ ചിലരും പ്രവര്‍ത്തകരില്‍ പലരും വാശി പിടിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ബി.ജെ.പിക്ക് കീറാമുട്ടിയാവുകയായിരുന്നു. തര്‍ക്കം തുടരുന്നതിനിടയിലാണ് രവീശതന്ത്രി കുണ്ടാറടക്കം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ചുമണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇത് പ്രവര്‍ത്തകരില്‍ പലരെയും ചൊടിപ്പിച്ചു. അവര്‍ തങ്ങളുടെ വികാരം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഈ പ്രതിഷേധങ്ങള്‍ നടന്നത്.