കാസര്‍കോട്: കാസര്‍കോട് സി.പി.സി.ആര്‍.ഐ മുന്‍ ഡയറക്ടറായിരുന്ന ഡോ. അഹമദ് ബാവപ്പ (90) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ എടപ്പാളിനടുത്തുള്ള കുമരനല്ലൂരിലെ വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്. തോട്ടവിള ഗവേഷണത്തില്‍ വിലപ്പെട്ട അംഗീകാരങ്ങള്‍ ബാവപ്പയെ തേടിയെത്തിയിരുന്നു. കാര്‍ഷികമേഖലയ്ക്ക് മുതല്‍ക്കൂട്ടായ നിരവധി ഗവേഷണങ്ങള്‍ നടത്തി. 1970 മുതല്‍ 77 വരെയും 1982 മുതല്‍ 87 വരെയും കാസര്‍കോട് സി.പി.സി.ആര്‍.ഐയില്‍ ബാവപ്പയുടെ സേവനമുണ്ടായിരുന്നു.
ബാവപ്പയുടെ സേവനകാലയളവുകളില്‍ നിരവധി അന്താരാഷ്ട്ര ചടങ്ങുകള്‍ക്ക് കാസര്‍കോട് സി.പി.സി.ആര്‍.ഐ. വേദിയായിട്ടുണ്ട്. സമൂഹത്തില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിന് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര സുഗന്ധ വിജ്ഞാന ഗവേഷണ കേന്ദ്രമടക്കം നിരവധി കാര്‍ഷിക പഠന ഗവേഷണ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. യു.എന്‍.ഒയുടെ ഫുഡ് ആന്റ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ ഫുഡ് കണ്‍സള്‍ട്ടന്റായി ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, വിയറ്റ്നാം, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ 10 വര്‍ഷക്കാലം രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ജമാലുദ്ദീന്‍ (അഗ്രികള്‍ചര്‍ എഞ്ചിനീയര്‍, ദുബായ്), ഫാത്തിമത്ത് സുഹറ (കുമ്പള), സയ്യിദ് അഹ്മദ് (കെമിക്കല്‍ എഞ്ചിനീയര്‍), ശംസുദ്ദീന്‍ (മെക്കാനിക്കല്‍ എഞ്ചിനീയര്‍, മസ്‌കത്ത്), സ്വാലിഹ് (എഞ്ചിനീയര്‍, ദുബായ്), സുബൈദ (സിംഗപ്പൂര്‍). മരുമക്കള്‍: സാജിദാബാനു, ജമീല, ഫസീല, സെമി, സാഹിര്‍ (സിംഗപ്പൂര്‍), പരേതനായ ഡോ. ബഷീര്‍ (കുമ്പള). സഹോദരന്‍: നൂറുദ്ദീന്‍ (റിട്ട. മിലിട്ടറി).