ഞങ്ങള്‍ കാസര്‍കോട്ടുകാര്‍. സ്‌നേഹസമ്പന്നര്‍. മറ്റുള്ളവര്‍ക്ക് എന്ത് സഹായവും ചെയ്യും. അപരിചിതനായ സഹയാത്രികന് ആവശ്യം വന്നപ്പോള്‍ അയാളുടെ മലം സ്വന്തം കൈകള്‍ കൊണ്ടു വൃത്തി ആക്കി കൊടുക്കാന്‍ മടി കാണിക്കാത്തവര്‍. പ്രളയം വന്നപ്പോള്‍ ദുരിതബാധിതര്‍ക്കു ശരീരവും ധനവും അര്‍പ്പിച്ചവര്‍. ഇവിടെ മെഡിക്കല്‍ കോളേജ് ഇല്ലെങ്കില്‍ ഞങ്ങള്‍ മംഗലാപുരം പോകും. റോഡില്ലെങ്കില്‍ ട്രെയിനില്‍ പോകും. റോഡുകള്‍ മരണക്കുഴികള്‍ ആയപ്പോള്‍ സ്വന്തം വിധിയെ പഴിച്ചു നാളുകള്‍ കഴിച്ചു കൂട്ടും. ഏറ്റവും കൂടുതല്‍ സുന്ദരന്‍മാറും സുന്ദരികളും ഉള്ള നാട്. ഫാഷന്‍ ട്രെന്‍ഡ് പാരീസില്‍ നിന്നും മുംബൈ എത്തുന്നതിനു മുന്‍പേ കാസര്‍കോട് എത്തും. കലയിലും സാഹിത്യത്തിലും മുന്‍പില്‍. മഹാ കവികളും മഹാ ശില്‍പികളും ഞങ്ങള്‍ക്കു സ്വന്തം. ഏഴു ഭാഷകള്‍ സംസാരിക്കുന്നവര്‍ മറ്റെവിടെയുണ്ട്?. സഹനം ജീവിത വ്രതമാക്കിയവര്‍. എല്ലാ മതങ്ങളെയും ഇരു കയ്യും നീട്ടി സ്വീകരിച്ചവര്‍.
മറ്റുള്ളവരെ സഹായിക്കാന്‍ പണവും വേണമെന്നതു കൊണ്ടു അതുണ്ടാക്കാന്‍ ഞങ്ങളില്‍ ചിലര്‍ കുറുക്കു വഴികള്‍ സ്വീകരിച്ചു പോയിട്ടുണ്ട്. അവരെ നേര്‍വഴിയില്‍ കൊണ്ടു വരാന്‍ എല്ലാവരും ശ്രമിക്കാറുമുണ്ട്. ഞങ്ങളില്‍ പലരും കൂടുതല്‍ ബഹുമാനിക്കുന്നതു പൊലീസുകാരെയും ഡോക്ടര്‍മാരേയും. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ പൊലീസുകാര്‍ തടഞ്ഞുകളയും. അപ്പോള്‍ പിന്നെ പൊലീസുകാരെ ബഹുമാനിക്കാതിരിക്കാന്‍ കഴിയില്ല. ഡോക്ടര്‍മാര്‍ പണം വാരിക്കൂട്ടുകയല്ലേ. മംഗലാപുരത്തു ഒന്ന് കുഴല്‍ വെച്ച് നോക്കാന്‍ ചില പഹയന്‍മാര്‍ വാങ്ങുന്നതു രൂപ 500. നൂറു രോഗികളെ ദിവസവും പരിശോധിച്ചാല്‍ എത്രയായി?
ബുദ്ധി ശക്തിയിലും ഞങ്ങള്‍ മുമ്പില്‍. എന്നു വെച്ച് കുത്തിയിരുന്ന് പഠിക്കാനൊന്നും ഞങ്ങളെ എല്ലാവരെയും കിട്ടില്ല കേട്ടോ. അടുത്തുള്ള ഒരു സ്‌കൂളില്‍ കുറെ കാലമായി എസ്.എസ് .എല്‍.സി.ക്കു വിജയ ശതമാനം ഇരുപത്. പെട്ടെന്നൊരു വര്‍ഷം വിജയം എണ്‍പതായി. യു.എ.യി.ല്‍ വിസ കിട്ടാന്‍ എസ്.എസ്.എല്‍.സി പാസ്സാകണമെന്ന് നിയമം വന്നതു ഞങ്ങള്‍ക്കു പാരയായി. പിന്നെ മുമ്പിന്‍ നോക്കിയില്ല. കുത്തിയിരുന്ന് പഠിച്ചു. സ്‌കൂള്‍ റിസള്‍ട്ട് വന്നപ്പോള്‍ വിജയം 80 ശതമാനം. അറബിയുടെ വേല കയ്യിലിരിക്കട്ടെ.
ഞങ്ങളില്‍ പലരും ഗള്‍ഫില്‍ ആണ്. ഈ നാട്ടില്‍ അടുപ്പ് പുകയാന്‍ ഞങ്ങള്‍ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ജാതി മതഭേദമന്യേ എല്ലാവരെയും അവിടെ എത്തിച്ചിട്ടുമുണ്ട്. പഠിച്ചു സര്‍ക്കാര്‍ ജോലിക്ക് പോയാല്‍ എണ്ണി ചുട്ട അപ്പം കൊണ്ട് എന്ത് ചെയ്യാന്‍. ചിലരൊക്കെ നാട്ടില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. ഐ.എ.എസ് ഒക്കെ വാങ്ങി വരുന്നവരുമുണ്ട്. ഗള്‍ഫിലെ പത്തു പലചരക്കു കടയില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്റെ പത്തിലൊന്നു വരുമോ ഐ. എ.എസുകാരന്റെ മാസ ശമ്പളം? ഇതൊക്കെ ഞങ്ങളുടെ പൊതു ചിന്തകള്‍ ആണ്.
ഇനി ചില സ്വന്തം കാര്യങ്ങള്‍.
ഈയുള്ളവനും പരോപകാര ത്വരയില്‍ ഗള്‍ഫില്‍ പോകാനുള്ള മോഹം കലശലായി. സിംഗപ്പൂരിലും ദുബായിലുമുള്ള ജ്യേഷ്ഠന്മാര്‍ നാട്ടില്‍ കൂടാന്‍ ഉപദേശിച്ചു. മാലോകരെ ഞാന്‍ സഹായിക്കുന്നതിനുള്ള അസൂയ ഇവരെ പിടികൂടിയോ എന്നും ഒരു വേള ഞാന്‍ സംശയിച്ചു. ബന്ധുജനമിത്രാദികളെ അവര്‍ സഹായിക്കുന്നത് കണ്ടു ആവേശം എന്റെ തലയില്‍ പിടിച്ചതാണ്. സേവന സന്നദ്ധത അറിയിച്ചപ്പോള്‍ അവര്‍ മുട്ടുമടക്കി. പി.ഡി.സി.ക്കു കാസര്‍കോട് ഗവ. കോളേജില്‍ പഠിക്കുന്ന കാലം. വാശി പിടിച്ചപ്പോള്‍ എന്റെ കാര്യം തീരുമാനമായി. നാട്ടിലെ എണ്ണിച്ചുട്ടത്തിനു പകരം ഗള്‍ഫിലെ ധനം സമ്പാദിച്ചു കേമനാവുക എന്ന കഠിന തീരുമാനം ഞാന്‍ എടുത്തു.
വിസക്ക് കൊടുത്തു.
പിന്നെ കാത്തിരിപ്പ്. സ്ഥിരം ക്ലാസ്സ് കട്ട് ചെയ്യുന്ന സഹപാഠികള്‍ എനിക്ക് കൂട്ടായി. ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ടല്ലോ. പണം സമ്പാദിക്കാന്‍ പോകുന്നവന്‍ അറുബോറന്‍ ക്ലാസ്സില്‍ ഇരിക്കുന്നതെന്തിന്? പോയ ക്ലാസ്സില്‍ ഉയരക്കൂടുതല്‍ കാരണം ഏറ്റവും പിറകില്‍ ആയിരുന്നു എന്റെ സ്ഥാനം. മിലന്‍ തീയേറ്ററില്‍ മാറ്റിനി ഷോയ്ക്കു സ്ഥാനം മുന്‍വരിയിലും. പിന്നില്‍ ഇരിക്കാന്‍ മാത്രം കാശുണ്ടായിരുന്നില്ല എന്നതു ചിന്തനീയം. മനസ്സ് പഠന ചിന്തകളില്‍ നിന്നു മുക്തമായി ഒരു തൂവല്‍ പോലെ ആകാശത്തു പറന്നു നടന്നു.
സുഖകരമായ അവസ്ഥ. സിനിമ കാണുക, ജാഥ വിളിക്കുക, ചിത്രം വരക്കുക, അസാരം എഴുത്ത് എന്നിവ പ്രധാന പരിപാടികള്‍. സീനിയര്‍ സുഹൃത്ത് എം.എ റഹിമാന്‍ പറഞ്ഞു രണ്ടു തോണിയില്‍ കാല്‍ വെച്ചാല്‍ എവിടെയും എത്തില്ല എന്ന്. കഷ്ടപ്പെട്ട് പഠിക്കുന്നവന് മാത്രം ജീവിത വിജയം. റഹിമാനെ ഗള്‍ഫിലേക്കയക്കാനുള്ള കുടുംബക്കാരുടെ ശ്രമം റഹ്മാന്‍ കഥയെഴുതി തകര്‍ത്തു. അങ്ങനെയാണ് പുളിമുറിച്ച വീട്ടില്‍ എന്നു തുടങ്ങുന്ന ചെറുകഥ ജനിച്ചത്. റഹ്മാന്‍ പിന്നീട് കോളേജ് പ്രൊഫസര്‍ ആയി വീട്ടുകാരെ നിരാശപ്പെടുത്തി. റഹ്മാന്റെ ഉപദേശം കേട്ട് വാശിയോടെ പരീക്ഷയെഴുതി. ഇതേ കോളേജില്‍ തന്നെ ബി.എ . ഫാറൂഖ് കോളേജില്‍ എം.എ പിന്നെ ബി.എഡ്., എം.ഫിൽ, പിഎച്ച്ഡി, പത്ര പ്രവര്‍ത്തകന്‍, കോളേജില്‍ ഇംഗ്ലീഷ് അധ്യാപകന്‍, ഡിപ്പാര്‍ട്‌മെന്റ് തലവന്‍, പ്രിന്‍സിപ്പല്‍, വൈസ് ചാന്‍സലര്‍. സഹപാഠികളില്‍ പലരും നാട്ടിലും വിദേശങ്ങളിലും ബിസിനസ് നടത്തി സമ്പത്തുണ്ടാക്കി. സമ്പത്ത് കൊണ്ടല്ലാതെയും സേവനം സാധ്യമാണെന്ന് മനസ്സിലാക്കിയ നാളുകളായിരുന്നു പിന്നീട്. ഞാന്‍ വൈസ് ചാന്‍സലര്‍ ആകുമെന്ന് കേട്ട് എന്റെ അടുത്ത ബന്ധു പറഞ്ഞത് പ്രിന്‍സിപ്പലിനേക്കാള്‍ ഒരുപാട് അധികം ശമ്പളം കിട്ടുമെങ്കില്‍ മാത്രമേ വി. സി. സ്ഥാനം ഏറ്റെടുക്കാന്‍ പാടുള്ളു എന്നാണ്. പണ്ട് അപേക്ഷിച്ച വിസ വന്നില്ലെങ്കിലും പില്‍ക്കാലത്തു ഔദ്യോഗികവും അല്ലാതെയും ഒട്ടനവധി വിദേശ യാത്രകള്‍. യു.എ.ഇ.യില്‍ നാലു തവണ. മൂന്നു തവണ സിങ്കപ്പൂര്‍ പിന്നെ മലേഷ്യ, സൗദി അറേബ്യ, ഖത്തര്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഘാന. എന്നിട്ടും അന്ന് കാത്തിരുന്ന വിസ വന്നില്ല.
‘ഞാന്‍ സാറിനെതിരെ കേസ് കൊടുക്കും’.
നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്നപ്പോള്‍ ഒരു രക്ഷിതാവിന്റെ ഭീഷണി. തൊണ്ണൂറ് ശതമാനത്തിലധികം മാര്‍ക്കുള്ള, മെറിറ്റില്‍ ബി.കോമിന് സീറ്റ് കിട്ടിയ പെണ്‍കുട്ടിയെ കോളേജില്‍ ചേര്‍ക്കില്ലെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഉണ്ടായ പ്രതികരണം. പുതിയാപ്ല സെറ്റ് ആയാല്‍ പെണ്‍കുട്ടിയുടെ പഠനം അവസാനിപ്പിക്കുമെന്ന് രക്ഷിതാവ് പറഞ്ഞപ്പോള്‍ അഡ്മിഷന്‍ കൊടുക്കില്ലെന്ന് ഞാന്‍ പറഞ്ഞു. തുടര്‍പഠനം അനുവദിക്കുന്ന ആളിന് മാത്രമേ കെട്ടിക്കൂ എന്ന് രക്ഷിതാവ് വാക്ക് പറഞ്ഞപ്പോഴാണ് അഡ്മിഷന്‍ കൊടുക്കാന്‍ ഞാന്‍ സമ്മതിച്ചത്. എന്റെ ഭാര്യ കോളേജ് അധ്യാപിക ആയപ്പോള്‍ കുടുംബത്തില്‍ ഉണ്ടായ എതിര്‍പ്പ് തരണം ചെയ്യാന്‍ കാലം ഏറെയെടുത്തു. മകള്‍ ഡോക്ടര്‍ ആയിട്ടും ആകെ വന്ന ആലോചനകള്‍ മൂന്നെണ്ണം മാത്രം. ഡോക്ടര്‍ വരന്‍ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടത് 5 കോടി. സ്ത്രീ ധനം ചോദിക്കാത്ത കോഴിക്കോട് ജില്ലയില്‍ മകളെ കെട്ടിച്ചു പരിഹാരമുണ്ടാക്കി. മകന് വന്ന ആലോചനകള്‍ നാല്‍പതിലധികം. സ്ത്രീധനം വേണ്ടെന്നു മുന്‍പേ പ്രഖ്യാപിച്ചത്തിന്റെ ഫലം. മകന്‍ കണ്ണൂരില്‍ നിന്നും വധുവിനെ സ്വീകരിച്ചു.
കാസര്‍കോട്ടുകാരെക്കുറിച്ചായിരുന്നല്ലോ പറഞ്ഞു വന്നത്. ആദ്യമായി ദുബായിലേക്ക് പോകുന്ന സുഹൃത്ത് അഷ്‌റഫിനെ യാത്രയാക്കാന്‍ പോയതായിരുന്നു. കൂട്ടപ്രാര്‍ത്ഥന കഴിഞ്ഞു യാത്രികന്‍ ഇറങ്ങി. അതാ പിന്നില്‍ നിന്നും ഒരു വിളി. ‘അസര്‍പു , പൈസ ആക്കണം. എങ്ങനേന്നു നോക്കണ്ട. ഞങ്ങോ ദുആര്‍ക്കാ’.
അഷ്‌റഫ് ദുബായിലെത്തി പണമുണ്ടാക്കാന്‍ തുടങ്ങി. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു കേട്ട് അഷ്‌റഫ് ദുബായ് ജയിലിലാണെന്നു. പിന്നീട് നാട്ടിലെത്തി ഹൃദയ സംബന്ധമായ അസുഖം ബാധിച്ചു ആ സുഹൃത്ത് നമ്മെ വിട്ടു പിരിഞ്ഞു.
ഒരു വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പള്ളിയില്‍ കയറി. ഖത്തീബ് സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കച്ചവടക്കാര്‍ക്ക് സൗഭാഗ്യവും ഐശ്വര്യവും ഉണ്ടാകാന്‍ ആണ് പ്രാര്‍ത്ഥന. സേവന രംഗം അദ്ദേഹം വിട്ടു കളഞ്ഞു. ഒരിക്കലെങ്കിലും ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയും അധ്യാപകര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുമെന്നു ആശിച്ചു. കൈകള്‍ കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും വേണ്ടി മാത്രം ഉയര്‍ത്തി സായൂജ്യമടയേണ്ടി വന്നു. കച്ചവട വ്യാപാര രംഗത്ത് കാസര്‍കോട്ടുകാര്‍ ഒരു പാട് മുന്നേറി. ജീവകാരുണ്യ രംഗത്ത് ഇത്രയേറെ പണം നല്‍കുന്നവര്‍ കേരളത്തില്‍ മറ്റെവിടെയും കാണില്ല.
മരണപ്പെട്ടു പോയ എന്റെ ഉമ്മയുടെ കാസര്‍കോടുകാരികളായ സുഹൃക്കളുടെ കാര്യമാണിനി. കാരിച്ചിയമ്മയും മറിയഞ്ഞാഉം. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ തന്നെ ഉമ്മാക്ക് കാന്‍സര്‍ ബാധിച്ചു. മുലപ്പാല്‍ വറ്റി. തലയിലും ശരീരത്തിലും ചൊറി നിറഞ്ഞ ഞാന്‍ രക്ഷപ്പെടില്ലെന്നു പലരും വിധിയെഴുതി. നിത്യവും കാരിച്ചിയമ്മയും മറിയഞ്ഞയും ഞങ്ങളുടെ വീട്ടില്‍ വന്ന് എന്നെ മുലയൂട്ടി. മറിയഞ്ഞ സാധാരണയില്‍ കവിഞ്ഞ പൊക്കമുള്ള സ്ത്രീയായിരുന്നു. എന്റെ ആറടിപൊക്കം മറിയഞ്ഞയുടെ മുലപ്പാലില്‍ നിന്നും കിട്ടിയതാണ്. കാരിച്ചിയമ്മയുടെ മക്കള്‍ ഞങ്ങളുടെ നാട്ടില്‍ തന്നെയുണ്ട്. സഹോദരന്മാരെ കാണുന്നതു പോലുള്ള സന്തോഷമാണ് ഇപ്പോള്‍ അവരെ കാണുമ്പോള്‍. ഇങ്ങോട്ടും അങ്ങിനെ തന്നെ.
‘എ കാദിറേ’ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ട് എത്തിയപ്പോള്‍ പിന്നില്‍ നിന്നും പരിചയമുള്ള വിളി. ഒരേ സമയം കോളേജില്‍ പഠിച്ച ആള്‍. കാര്യം തിരക്കി. ‘എന്റെ മോന്‍ ബി. ടെക്. പരീക്ഷ എഴുതി റിസള്‍ട്ട് വന്നു’. സന്തോഷത്തോടെ അയാളെ ഞാന്‍ അടുപ്പിച്ചു നിര്‍ത്തി. ‘ഇനിയെന്താ പരിപാടി?’ ഞാന്‍ ചോദിച്ചു. ‘പക്ഷെ അവനു എല്ലാ പരീക്ഷകളിലും പൂജ്യം മാര്‍ക്ക്’. അറിയാതെ ഞാന്‍ ചിരിച്ചു പോയി. ‘ നീ ചിരിക്കണ്ട. നിനക്കു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന പണിയല്ലേ?. അവനു നീ ഒരു ബി.ടെക്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു കൊടുക്കണം’. എന്റെ സുഹൃത്തിന്റെ പുറത്തു തട്ടി ഞാന്‍ മുന്നോട്ടു നീങ്ങി. ഇതും കാസര്‍കോട്ടിന്റെ നിഷ്‌കളങ്കത.
ഞങ്ങള്‍ കാസര്‍കോട്ടുകാര്‍ക്ക് ഇല്ലായ്മകള്‍ സ്വന്തം. ഇവിടെ പലതും വരാനുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ അങ്ങിനെ പലതും. ഇനിയിപ്പോള്‍ ഒന്നും വന്നില്ലെങ്കിലും ഞങ്ങള്‍ ജീവിച്ചു പൊയ്‌ക്കൊള്ളും. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ. അതാണ് ഞങ്ങള്‍ കാസര്‍കോട്ടുകാര്‍. എല്ലാവര്‍ക്കും നന്മകള്‍. ജയ് ഹിന്ദ്.