കാസര്‍കോട്: മഞ്ചേശ്വരത്തടക്കം സംസ്ഥാനത്തെ അഞ്ചുനിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വാട്ടര്‍ലൂ ആകുമെന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ മതേതര ശക്തികള്‍ സാഹചര്യം മനസിലാക്കി അവര്‍ യു.ഡി.എഫിനെ സഹായിക്കും. ഈ തിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും വിലയിരുത്തപ്പെടും. യു.ഡി.എഫ് ശുഭ പ്രതീക്ഷയിലാണ്. ഖമറുദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തില്‍ നല്ല ഇളക്കമുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫ്. പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രംപോലെയാണ് പ്രവര്‍ത്തിക്കുന്നത്. പാലാ പോലെ മഞ്ചേശ്വരത്ത് കണ്‍ഫ്യൂഷനില്ല-കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരത്തിലെ വികസന മുരടിപ്പിനെതിരെ ഈ തിരഞ്ഞെടുപ്പില്‍ അഞ്ചുമണ്ഡലങ്ങളിലും ജനങ്ങളുടെ പ്രതികരണം ഉണ്ടാവുമെന്നും ഇവിടെ ദേശീയ പാതയുടെ അവസ്ഥ അതി ദയനീയമായതിനാല്‍ എം.പിക്ക് തന്നെ നിരാഹാരം കിടക്കേണ്ടി വന്നത് നിസാര കാര്യമല്ലെന്നും അസംതൃപ്തരായ ജനങ്ങള്‍ എല്‍.ഡി.എഫിനെതിരെ പ്രതികരിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. പരാജയം നേരത്തെ സമ്മതിച്ചതിന്റെ ഉദാഹരണമാണ് യു.ഡി.എഫ്- എല്‍.ഡി.എഫ്. കൂട്ടുകെട്ടെന്ന ആരോപണം. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാണക്കാട്ടുണ്ടായത് നിസാരമായ പ്രശ്‌നമാണ്.
ചൊവ്വാഴ്ച ദിവസങ്ങളില്‍ പാണക്കാട്ട് ജനങ്ങള്‍ നിറഞ്ഞിരിക്കും. അന്നായിരുന്നു ചര്‍ച്ച. അതിനിടയില്‍ വെളിയില്‍ ആരോ ഉറക്കെ സംസാരിച്ചുപോയതിനെയാണ് തര്‍ക്കമെന്നൊക്കെ വിശേഷിപ്പിച്ച് മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചത്. പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞ് തെറ്റ് ചെയ്തതായി ഇതുവരെ തെളിവുകള്‍ ഒന്നുമില്ല. അദ്ദേഹം പ്രത്യേക താല്‍പ്പര്യം കാണിച്ചിട്ടുമില്ല. അടിയൊപ്പ് ഇടുക മാത്രമാണ് ചെയ്തത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ തലത്തില്‍ യു.പി.എയും ഇടതുമുന്നണിയുമൊക്കെ പല വിഷയങ്ങളിലും ഒന്നാണ്. എന്നാല്‍ കേരള വിഷയത്തിലേക്ക് അതുകൊണ്ടുവരേണ്ടതില്ല- അദ്ദേഹം പറഞ്ഞു.പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.വി. സുരേഷ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.