കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി. ഐ അന്വേഷണം വൈകാന്‍ സാധ്യത. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് തിങ്കളാഴ്ച അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവായത്. ഇതിനെതിരെ സര്‍ക്കാറോ പ്രതിഭാഗമോ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കാനിടയുണ്ടെന്നാണ് സൂചന. ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് അംഗീകരിച്ചാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനും ഇടയുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ലെങ്കില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കും. ഈ സാഹചര്യത്തില്‍ നിയമ പോരാട്ടം നീണ്ടുപോകും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് വിട്ടത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐക്ക് വിട്ടത് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. അതേസമയം കേസ് സി. ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് നീക്കമെങ്കില്‍ ജനങ്ങള്‍ ശക്തമായ മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളക്കരയെ ഒന്നടങ്കം നടുക്കത്തിലാഴ്ത്തിയ ഈ കേസില്‍ ക്രൈംബ്രാഞ്ചും പോലീസും നടത്തിയ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലിച്ചേക്കാമെന്ന സംശയവും രാഷ്ട്രീയ നിരീക്ഷകര്‍ പ്രകടിപ്പിക്കുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിഷയം മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ആയുധമാക്കിയേക്കും.