കീഴൂര്‍: ട്രെയിന്‍ ഇറങ്ങി നടക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലെ എര്‍ത്ത് കമ്പിയില്‍ തട്ടി വീണ് യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ വൈകിട്ട് കളനാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.
ട്രെയിന്‍ ഇറങ്ങി നടന്നുപോകുകയായിരുന്ന ബാലകൃഷ്ണ (74) നാണ് പ്ലാറ്റ്‌ഫോമില്‍ കിടന്ന എര്‍ത്ത് കമ്പി തട്ടി വീണതിനെ തുടര്‍ന്ന് പരിക്കേറ്റത്.ബാലകൃഷ്ണന്റെ കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് കാഞ്ഞങ്ങാട് നിന്ന് കീഴൂര്‍ തെരുവത്തെ മകന്‍ ചന്ദ്രപ്രസാദിന്റെ വീട്ടിലേക്ക് പോകുന്നതിനായി പാസഞ്ചര്‍ ട്രെയിനില്‍ കളനാട് റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങി പ്ലാറ്റ്‌ഫോമിലൂടെ നടന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്.
ഒന്നര മണിക്കൂര്‍ വൈകിയാണ് ഇന്നലെ പാസഞ്ചര്‍ ട്രെയിന്‍ കളനാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ എര്‍ത്ത് കമ്പി തട്ടി അധ്യാപികയായ ചെമ്പരിക്കയിലെ ഗംഗയ്ക്കും കീഴൂരിലെ ആശ വര്‍ക്കറായ ബിന്ദു രേഖക്കും മറ്റു നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു.
എര്‍ത്ത് കമ്പി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.എസ്. സാലി കീഴൂര്‍ കാസര്‍കോട് ആര്‍.പി. എഫ് ഓഫീസില്‍ പരാതി നല്‍കി.