ബദിയടുക്ക: പഞ്ചായത്ത് ഭരണ സമിയി യോഗ തീരുമാനത്തിന് വുരുദ്ധമായി ബീഫ് സ്റ്റാളിന് പഞ്ചായത്ത് സെക്രട്ടറി ലൈസന്‍സ് നല്‍കിയത് വിവാദമാകുന്നു.
നേരത്തെ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബീഫ് സ്റ്റാള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കിന്നിമാണി പൂമാണി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നു.
നേരത്തെ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയും നടപ്പിലാക്കുന്നതിന് സെക്രട്ടറിയെയും ആരോഗ്യവകുപ്പ് അധികൃതരെയും ചുമതലപ്പെടുത്താനും തീരുമാനിച്ചിരുന്നു.
എന്നാല്‍ നേരത്തെ അടച്ചുപൂട്ടണമെന്ന് തീരുമാനിച്ച ബീഫ് സ്റ്റാളിന് ഭരണ സമിതി അറിയാതെ സെക്രട്ടറി ലൈസന്‍സ് നല്‍കിയതാണ് വിവാദമായത്.
ബദിയടുക്ക പഞ്ചായത്ത് ഭരണസമിതി അറിയാതെ സെക്രട്ടറി ലൈസന്‍സ് നല്‍കിയത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ബദിയടുക്ക വികസന ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭരണസമിതി അറിയാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളിന് സെക്രട്ടറി ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും വികസന ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബി.എം. ഹനീഫ ആവശ്യപ്പെട്ടു.