ഗാന്ധിജി ആദ്യമായി വടക്കന്‍ കേരള മണ്ണില്‍ കാലുകുത്തിയതിന്റെ ഓര്‍മകള്‍ സപ്ത ഭാഷ സംഗമഭൂമിയില്‍ ഇന്നും പച്ചയായി നില നില്‍ക്കുകയാണ്. ഖാദിയുടെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കുമായി മദിരാശി മുതല്‍ മംഗളൂരുവരെയുളള തീവണ്ടിയാത്ര. ആ ഒറ്റൊരു യാത്ര കാസര്‍കോടന്‍ ഗ്രാമങ്ങളെപ്പോലും ഇളക്കിമറിക്കുന്നതായിരുന്നു. 1927 ഒക്ടോബര്‍ 26 നാണ് ഗാന്ധിജി ഇതുവഴി മംഗളൂരുവിലേക്ക് പോയത്. ഒമ്പത് പതിറ്റാണ് പിന്നിടുകയാണ് ആ യാത്രക്ക്. അന്നു ഗാന്ധിജിയെ സ്വീകരിച്ചവരില്‍ അറിയപ്പെടുന്നവരാരും ഇന്നു ജീവിച്ചിരിപ്പില്ല.
ഗാന്ധിജി വരുന്നതറിഞ്ഞ് ഒരുമാസം മുമ്പാണ് സംഘാടകസമിതി രൂപവത്കരിച്ചത്. കാസര്‍കോട്ടായിരുന്നു സ്വാഗതസംഘ രൂപവത്കരണയോഗം. ദേശീയപ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യയിലെ കരുത്തുറ്റ നേതാവെന്ന വിശേഷണമുള്ള കര്‍ണാട് സദാശിവറാവു, ദക്ഷിണേന്ത്യയില്‍ ഖാദിപ്രചാരകനായി ഗാന്ധിജി നിയോഗിച്ച ഛോട്ടാലാല്‍, എ.സി.കണ്ണന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വിപുലമായ സ്വാഗതസംഘം. നീലേശ്വരത്ത് ഇറങ്ങി സ്വീകരണയോഗത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം ചില കാരണങ്ങളാല്‍ മാറ്റിയതായ അറിയിപ്പ് കിട്ടി. അതുകൊണ്ടുതന്നെ സംഘാടകസമിതി വിവിധ ഗ്രൂപ്പുകളായി ഓരോ റെയില്‍വേ സ്റ്റേഷനുകളില്‍ നിലയുറപ്പിച്ചു. ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് സ്റ്റേഷനുകളില്‍ സംഘടിച്ചുനിന്ന സംഘാടകസമതിക്കാരുടെയും നാട്ടുകാരുടെയും സ്‌നേഹ സ്വീകരണം. വിവിധ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിറങ്ങി ഗാന്ധിജി ഹൃദയത്തില്‍ സ്വീകരിച്ചു. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുപോയ എ.സി. കണ്ണന്‍ നായര്‍ അവിടെ വച്ച് തീവണ്ടിയില്‍ കയറി. നീലേശ്വരത്ത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഗാന്ധിജിയെ വരവേല്‍ക്കാനൊരുങ്ങി നിന്നത്. കെ. മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി ഗാന്ധിജിയെ കണ്ടു. കാസര്‍കോട്ടെ സ്വീകരണം ഏറ്റുവാങ്ങി മംഗളൂരുവിലെത്തി. അവിടെനടന്ന യോഗത്തില്‍ ധാരാളംപേര്‍ പണവും പൊന്നും ഖാദിയുടെ വളര്‍ച്ചയ്ക്കായി ഗാന്ധിജിയുടെ കൈയിലേക്ക് സംഭാവന നല്‍കി. എ.സി.കണ്ണന്‍ നായര്‍ 59 രൂപ നല്‍കി. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ഉപ്പുസത്യാഗ്രഹ സമരകാലത്ത്, കേരളത്തില്‍ നടന്ന കേരളഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിലുള്ള ജാഥയില്‍ അണിനിരന്നത് കാസര്‍കോട്ടുകാര്‍ എട്ടുപേരാണ്. 32 അംഗ ജാഥയില്‍ നാലിലൊന്നുപേര്‍ കാസര്‍കോട്ടുകാര്‍. ഇത്ര ആവേശം കണ്ട മറ്റൊരു സ്വീകരണം നാട് മുമ്പും പിന്നീടും കണ്ടു കാണില്ല.