കാസര്‍കോട്: ജില്ലാ സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതിയും സംയുക്തമായി ലോക വയോജന ദിനാഘോഷവും വയോജനോത്സവവും സംഘടിപ്പിച്ചു. നീലേശ്വരം എസ്.എസ്. കലാമന്ദിരത്തില്‍ നടന്ന പരിപാടി സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ ബി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാ, കുടുംബശ്രീ, ജന മൈത്രി പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വയോജന സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമ ബോധവത്കരണം എന്ന വിഷയത്തില്‍ അഡ്വ.പി. സിന്ധു ക്ലാസെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരെ ആദരിക്കുകയും വയോജന കലാമേളയും സ്‌നേഹവിരുന്നും നടത്തി. വയോജന കലാമേളയിലെ മത്സര വിജയികള്‍ക്ക് സബ്കലക്ടര്‍ സമ്മാനദാനം നിര്‍വഹിച്ചു. നീലേശ്വരം നഗരസഭ സെക്രട്ടറി ടി. മനോജ് കുമാര്‍, കാസര്‍കോട് ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്, സാമൂഹ്യനീതി വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് എം. അബ്ദുല്ല, കെ.എസ്.എസ്.എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.