കാസര്‍കോട്: യുവതിയുടെ വ്യാജപേരില്‍ ഫെയ്‌സ് ബുക്ക് ഉണ്ടാക്കുകയും ഇതിന്റെ പേരില്‍ നിരവധിപേരെ സുഹൃത്തുക്കളാക്കി ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത കേസില്‍ പ്രതിയായ പാലക്കാട് സ്വദേശി കാസര്‍കോട്ട് പിടിയിലായി. പാലക്കാട് ചെര്‍പ്പുളശേരിയിലെ ഫറഫുദ്ദീനെ (29)യാണ് നഗരത്തിലെ ഒരു ലോഡ്ജില്‍ വെച്ച് ബുധനാഴ്ച വൈകീട്ടോടെ സി.ഐ.സി.എ.അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശത്ത് നിന്ന് 13 ബാങ്ക് പാസ് ബുക്കുകള്‍, 13 എ.ടി.എം.കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ സിം കാര്‍ഡുകള്‍, ഒരു മൊബൈല്‍ ഫോണ്‍ എന്നിവയും 9000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ തട്ടിപ്പില്‍ കുടുങ്ങിയ മഞ്ചേശ്വരം ഉദ്യാവാര്‍ സ്വദേശി അബ്ദുല്‍ റാസിക്ക് (24) സി.ഐക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.