ബേക്കല്‍: കെ.എസ്.ടി.പി റോഡില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ കൂട്ട വാഹനാപകടം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറും കാര്‍ യാത്രക്കാരും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ടിപ്പര്‍ ലോറി, പച്ചക്കറി കയറ്റിവരികയായിരുന്ന ലോറി, കാര്‍, ബുള്ളറ്റ് തുടങ്ങിയ വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. പച്ചക്കറി കയറ്റിയ ലോറിയുടെ ഡ്രൈവര്‍ക്കും കാര്‍ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയും പച്ചക്കറി ലോറിയുമാണ് ആദ്യം അപകടത്തില്‍പെട്ടത്. ടിപ്പര്‍ ലോറി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് പിറകിലുണ്ടായിരുന്ന പച്ചക്കറി കയറ്റിയ ലോറി വെട്ടിച്ചപ്പോള്‍ എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന് പിറകിലുണ്ടായിരുന്ന ബുള്ളറ്റും അപകടത്തില്‍പെട്ടു. കാറിന് കാര്യമായ കേടുപാട് സംഭവിച്ചു. അപകടവിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. ബേക്കല്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.റോഡില്‍ അല്‍പ്പനേരം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ബുധനാഴ്ച മഡിയന്‍ കെ.എസ്. ടി.പി റോഡില്‍ ഫ്രൂട്ട്‌സ് കടയിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറിയിരുന്നു. ആര്‍ക്കും പരിക്കേറ്റിരുന്നില്ല.