കാസര്‍കോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി പത്രിക നല്‍കിയ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി. പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണാമെന്ന മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് അബ്ദുല്ലമാസ്റ്ററുടെ പിന്‍മാറ്റം. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ വി.ഐ.പി ലോഞ്ചില്‍ വെച്ച് കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററുമായി പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. പരാതികള്‍ കേട്ട കുഞ്ഞാലിക്കുട്ടി പരിഹാരം കാണാമെന്ന ഉറപ്പും നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പത്രിക പിന്‍വലിച്ചത്.
കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ ബന്ധുക്കളുമായി അബ്ദുല്ല മാസ്റ്ററുടെ മകന്‍ ഖത്തറില്‍ നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതുവരെ പരിഹരിക്കപ്പെടാതിരുന്നത്. അബ്ദുല്ല മാസ്റ്ററുടെ മകന്റെ 1.18 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ഇതിന് പരിഹാരം കാണാന്‍ നേതൃത്വം ഇടപെടുന്നില്ലെന്നാരോപിച്ചാണ് കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ മത്സരരംഗത്തിറങ്ങിയത്. പ്രശ്നം തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നാണ് കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയിരിക്കുന്നത്.