കുമ്പള: കുമ്പള റെയില്‍വെ സ്റ്റേഷന് കീഴില്‍ ചുറ്റുമതിലോടുകൂടിയ പാര്‍ക്കിംഗ് ഏരിയ വരുന്നു. ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങി. ദേശീയപാതയോട് ചേര്‍ന്നുള്ള റെയില്‍വെ സ്റ്റേഷന്‍ കീഴിലുള്ള സ്ഥലത്താണ് തീവണ്ടിയാത്രക്കാരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് സൗകര്യം ഒരുക്കുന്നത്. എല്ലാ വര്‍ഷവും മഴക്കാലത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് മഴവെള്ളം കയറുന്നതിനാല്‍ ഉപകരണങ്ങളും മറ്റും നശിക്കുന്നത് പതിവാണ്. ഇവിടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവും. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കാട്മൂടിയത് മൂലം രാത്രികാല തീവണ്ടിയാത്രക്കാര്‍ക്ക് വലിയ ദുരിതമുണ്ടായിരുന്നു. ഇവിടെ കാടുകള്‍ വെട്ടിമാറ്റി തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പോലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഒരു കൂട്ടം മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും അഴിഞ്ഞാട്ടം പതിവായിരുന്നു. റെയില്‍വെ സ്റ്റേഷന്റെയും പരിസരത്തെയും മുഖം മാറുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും.