പാലക്കുന്ന്: താന്‍ ആരാണെന്ന് ചോദിച്ചവരോട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ ആരാണെന്ന് തെളിയിച്ചു കൊടുക്കാന്‍ കഴിഞ്ഞുവെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എന്ന വലിയ ഉത്തരവാദിത്വം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കുന്നതില്‍ തനിക്ക് പിന്തുണ നല്‍കിയ കേരളത്തിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്നും ടിക്കാറാം മീണ. പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തില്‍ കാന്‍ഫെഡ് സോഷ്യല്‍ ഫോറം സംഘടിപ്പിച്ച ജനാധിപത്യ സാക്ഷരതാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. മലയാളികള്‍ വലിയ ജനാധിപത്യബോധമുള്ളവരാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമാധാനപരമായി തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരക്ഷരരായ കര്‍ഷക ദമ്പതികളുടെ മകനായി പിറന്ന് കഠിനമായ പരിശ്രമങ്ങളിലൂടെ ഐ.എ.എസ്. നേടി ഉന്നത ഉദ്യോഗത്തിലെത്തിയതിന്റെ കഥ വിവരിക്കാനും അദ്ദേഹം മറന്നില്ല. മകന് ഐ.എ.എസ്. ലഭിച്ചുവെന്ന് പറഞ്ഞവരോട് അതെന്താണെന്ന് ചോദിച്ച തീര്‍ത്തും നിഷ്‌കളങ്കയായ ഒരമ്മയുടെ മകനാണ് ഞാന്‍. കലക്ടറായി എന്ന് പറഞ്ഞപ്പോഴാണ് അമ്മക്ക് മനസിലായത്. എന്നെ ഡോക്ടറാക്കാനായിരുന്നു അച്ഛനമ്മമാര്‍ക്ക് ആഗ്രഹം. ബയോളജി സയന്‍സിന് ചേര്‍ന്നു. പക്ഷേ എന്റെ തലയില്‍ ഒന്നും കയറിയില്ല. കുടുംബത്തിലൊരാള്‍ ഐ.എ.എസ്. നേടിയതോടെ ഞാനും കഠിനമായ ശ്രമം തുടങ്ങി. ലക്ഷ്യം നേടുകയും ചെയ്തു. നാലാം വയസില്‍ കാര്യമായൊരു അസുഖം പിടിപ്പെട്ട തന്റേത് ഇത് രണ്ടാം ജന്മമാണ്. കലക്ടര്‍ ആയി എന്ന് പറഞ്ഞപ്പോള്‍ അമ്മ തന്ന ഉപദേശമാണ് ആദര്‍ശത്തില്‍ നിന്നും നീതിയുടെ വഴിയില്‍ നിന്നും അണുകിട വ്യതിചലിക്കാതെ മുന്നോട്ട് പോവാന്‍ തനിക്ക് പ്രചോദനമായതെന്നും ടിക്കാറാം മീണ പറഞ്ഞു. കാന്‍ഫെഡ് സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. സംഗീതജ്ഞനും അധ്യാപക അവാര്‍ഡ് ജേതാവുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടിനെ ടിക്കാറാം മീണ ഉപഹാരം നല്‍കി ആദരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പാറയില്‍ അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, ഉദുമ പഞ്ചായത്ത് സെക്രട്ടറി ഡി.എന്‍. പ്രമോദ്, കരിവെള്ളൂര്‍ വിജയന്‍, സി.എച്ച്. സുബൈദ, അബ്ദുല്‍ സലാം, പ്രൊഫ. എ. ശ്രീനാഥ്, സി.പി.വി. വിനോദ് കുമാര്‍, മാധവന്‍ മാട്ടുമ്മല്‍, ടി. തമ്പാന്‍, കെ. ആര്‍. ജയചന്ദ്രന്‍, എ. നാരായണന്‍ മാസ്റ്റര്‍, സുകുമാരന്‍ കാരി, അബ്ദുല്ല ഇടക്കാവ്, ടി.വി. ജയരാജന്‍, ഹനീഫ കടപ്പുറം, ബി.കെ. ബഷീര്‍ പൈക്ക സംസാരിച്ചു.